താൻ 50 വയസ്സ് കുറഞ്ഞ് ചെറുപ്പമാകുന്നു: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി മോദി
ദില്ലി: പരീക്ഷാ പേ ചര്‍ച്ച അഞ്ചാം ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ താല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്ക് മുമ്പ് വിദ്യാര്‍ത്ഥികളുടെ വിവിധ കരവിരുതുകളുടെ പ്രദര്‍ശനമേള പ്രധാനമന്ത്രി സന്ദര്‍ശിച്ചു. യോഗത്തെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ വര്‍ഷത്തെ വെര്‍ച്വല്‍ സംവാദത്തിന് ശേഷം തന്റെ യുവസുഹൃത്തുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. പിപിസി തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട പരിപാടികളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
നാളെ വിക്രം സംവത് പുതുവര്‍ഷം ആരംഭിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാവിയിലെ ആഘോഷങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പിപിസിയുടെ അഞ്ചാം ലക്കത്തിൽ പ്രധാനമന്ത്രി പുതിയ ഒരു രീതി അവതരിപ്പിച്ചു. താന്‍ മറുപടി പറയാത്ത ചോദ്യങ്ങള്‍ക്ക് നമോ ആപ്പില്‍ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കും. വിദ്യാർഥികളോടു സംസാരിക്കുമ്പോൾ താൻ 50 വയസ്സ് കുറഞ്ഞ് ചെറുപ്പമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡല്‍ഹി സ്വദേശിയായ ഖുഷി ജയ്നാണ് ആദ്യ ചോദ്യം ചോദിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട പേടിയേയും സമ്മര്‍ദ്ദത്തെയും കുറിച്ച് വഡോദരയില്‍ നിന്നുള്ള കിനി പട്ടേലും ചോദിച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആദ്യ പരീക്ഷ അല്ലാത്തതിനാല്‍ ഭയപ്പേടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. മുമ്പ് നേരിട്ട പരീക്ഷകളില്‍ നിന്ന് ലഭിച്ച പരിചയസമ്പത്ത് വരാനിരിക്കുന്ന പരീക്ഷകളിലെ സമ്മര്‍ദ്ദം അതിജീവിക്കുന്നതിന് സഹായകരമാകും. പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ പഠിക്കാന്‍ കഴിയാതെ പോയേക്കാമെങ്കിലും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തങ്ങളുടെ കരുത്തില്‍ ആശ്രയിക്കാന്‍ നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി സാധാരണ ദിനചര്യകള്‍ പാലിച്ച് ശാന്തതയോടെ പരീക്ഷകളെ നേരിടാന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരെ അനുകരിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പരീക്ഷകളെ ഉത്സവപ്രതീതിയോടെ നേരിടാനും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു
പരിപാടിയുടെ അവസാനം എക്സിബിഷനിലൂടെ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ മോദി അഭിനന്ദിച്ചു. മറ്റുള്ളവരുടെ കഴിവുകളില്‍ അവരെ അഭിനന്ദിക്കാനുള്ള ശീലം വളര്‍ത്തിയെടുത്ത് അവരില്‍ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അസൂയയ്ക്ക് പകരം പഠിക്കാനുള്ള മനോഭാവം നാം വളര്‍ത്തിയെടുക്കണം. ഈ കഴിവ് ജീവിതത്തില്‍ മുന്നേറുന്നതിന് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പിപിസി തനിക്ക് വ്യക്തിപരമായി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി ഇടപഴകുമ്പോള്‍ തനിക്ക് 50 വയസ് കുറഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനം അനുസരിച്ച് ഞാന്‍ എന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ പരിപാടി എന്നെ വളരാന്‍ സഹായിക്കുന്നു. എനിക്ക് വളരാനുള്ള അവസരം നല്‍കിയതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു''- പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications