പൃഥ്വിരാജ് മനസ് തുറക്കുന്നു; 'രാഷ്ട്രീയ അഭിപ്രായം പറഞ്ഞാല്‍ ചിലര്‍ക്ക് വില്ലന്‍, മറ്റുള്ളവര്‍ക്ക്'
നിലപാടുകള്‍ പറയാന്‍ മടി കാണിക്കാത്ത നടനാണ് പൃഥ്വിരാജ്. എങ്കിലും അദ്ദേഹത്തിന്റെ പല നടപടികളും വിവാദമാക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തിലും എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുമെല്ലാം വിവാദങ്ങളുണ്ടായി. സംഘപരിവാര്‍ നേതാക്കളാണ് പലപ്പോഴും പൃഥ്വിരാജിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വാരിയന്‍കുന്നന്‍ സിനിമ വരുന്നു എന്ന ആദ്യ വിവരം വന്ന വേളയില്‍ വിവാദമായതും അങ്ങനെ തന്നെ.
എന്തുകൊണ്ട് വാരിയന്‍കുന്നന്‍ സിനിമ സംഭവിച്ചില്ല എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരത്തെ മറുപടി നല്‍കിയിരുന്നു. സിനിമയുമായി രംഗത്തുവന്ന അണിയറ പ്രവര്‍ത്തകര്‍ തന്നെ പിന്നാക്കം പോയതായിരുന്നു കാരണം. ലക്ഷദ്വീപ് വിഷയത്തില്‍ പല പ്രമുഖരും പ്രതികരിച്ചിരുന്നു. ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിമര്‍ശനം. സേവ് ലക്ഷദ്വീപ് കാമ്പയിനും ഇതിന്റെ ഭാഗമായി നടന്നിരുന്നു.

രാഷ്ട്രീയ അഭിപ്രായം പറഞ്ഞാല്‍ രണ്ട് പക്ഷങ്ങള്‍ രൂപപ്പെടുന്ന കാര്യമാണ് പൃഥ്വിരാജ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്. അഭിപ്രായം പറഞ്ഞാല്‍ ചിലര്‍ക്ക് നമ്മള്‍ വില്ലനാകും, മറ്റു ചിലര്‍ക്ക് നായകനുമാകും. രണ്ടും ഒരുപോലെ പ്രശ്‌നമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. നമ്മള്‍ വിചാരിക്കാത്ത തലത്തിലേക്ക് ചര്‍ച്ചകള്‍ പോകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
മൗനമാണ് നല്ലത് എന്ന് ചിന്തിച്ചാല്‍...
സോഷ്യല്‍ മീഡിയ വെപ്പനൈസ്ഡ് ആണ് എന്ന് പൃഥ്വിരാജ് പറയുന്നു. ഒരു അഭിപ്രായം പറഞ്ഞാല്‍ രണ്ട് വിഭാഗങ്ങള്‍ രൂപപ്പെടും. അഭിപ്രായം പറയുന്ന വ്യക്തിയെ വില്ലനാക്കുന്നതും നായകനാക്കുന്നതുമായ രണ്ട് വിഭാഗവും അപകടമാണ്. ഇത് രണ്ടിനുമാകില്ല നമ്മള്‍ ഒരു അഭിപ്രായം പറയുന്നത്. നമ്മള്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളിലേക്ക് വ്യാഖ്യാനിക്കപ്പെടും. അത്തരം ഘട്ടത്തില്‍ അഭിപ്രായം പറയാതിരിക്കലാണ് നല്ലത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.
ഏതെങ്കിലും ഒരു സെലിബ്രിറ്റിക്കോ മറ്റോ അബദ്ധം സംഭവിച്ചാല്‍ അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു ആള്‍ക്കൂട്ടം ഇവിടെയുണ്ട്. മീഡിയ ഉള്‍പ്പെടെ എല്ലാവരും ഇതില്‍ പങ്കാളികളാണ്. തന്റെ മേഖലയിലുള്ളവര്‍ വരെ ഇത്തരം കാര്യങ്ങള്‍ക്ക് അഫക്ടഡായി കണ്ടിട്ടുണ്ട്. ഇവരുടെ സോഷ്യല്‍ അക്കൗണ്ടുകളില്‍ നിരന്തരം ഹറാസ് ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് ചെയ്യുന്നവര്‍ക്ക് അത് ശരിയല്ല എന്ന് ഉള്ളിന്റെ ഉള്ളില്‍ അറിയാമെന്നും പൃഥ്വിരാജ് പറയുന്നു.
എമ്പുരാന്‍ കഥ നായകനെ കേള്‍പ്പിച്ചു
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും പൃഥ്വിരാജ് പ്രതികരിച്ചു. സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതിന് ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയം പറയാന്‍ സിനിമ എടുക്കേണ്ടതില്ല. സിനിമ പ്രേക്ഷകരെ ആനന്ദിപ്പിക്കാനുള്ളതാണ് എന്ന നിലപാടാണ് പൃഥ്വികാജിന്. എമ്പുരാന്‍ സിനിമയുടെ തിരക്കഥ നായകനെയും നിര്‍മാതാവിനെയും പറഞ്ഞു കേള്‍പ്പിച്ചിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാലിനെ പൃഥ്വിരാജ് വഞ്ചിച്ചു എന്ന മട്ടില്‍ എമ്പുരാന്‍ ഇറങ്ങിയ വേളയില്‍ പ്രചാരണമുണ്ടായിരുന്നു. സിനിമയുടെ കഥ മോഹന്‍ലാല്‍ കേട്ടിരുന്നില്ല എന്ന് മേജര്‍ രവി പറഞ്ഞതും വിവാദമായി. പഴി മൊത്തമായി പൃഥ്വിരാജിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ നടനെയും നിര്‍മാതാവിനെയും തിരക്കഥ കേള്‍പ്പിച്ചിരുന്നു എന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ ഇക്കാര്യത്തിലുള്ള മറുപടി കൂടിയാണ്.












Click it and Unblock the Notifications