'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു, സമരത്തിൽ നിന്നും പിന്നോട്ടില്ല; വിമർശിച്ച് ബസ് ഉടമകൾ
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസ് സമരം തുടരാൻ തീരുമാനിച്ച് ബസ്സുടമകൾ. യാത്ര നിരക്ക് ഉയർത്താതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ബസുടമകളുടെ സംഘടന പറഞ്ഞു.
നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു പറ്റിച്ചു. സ്വകാര്യ ബസ് സമരം തുടങ്ങി ഇത്ര ദിവസം കഴിയുന്നു. എന്നിട്ടും ഒരു ചർച്ചക്ക് പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ബസ്സുടമകൾ വിമർശിച്ചു.
ബസ് സമരം പരീക്ഷ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചു എന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വിദ്യാർഥികൾക്കായി അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചോദിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ സമരം ഗതാഗത വകുപ്പ് മന്ത്രിയുടെ പിടിവാശിയിൽ നിന്നും ഉണ്ടായ സമരമാണ്. എൽഡിഎഫ് നിരക്ക് വർധന തീരുമാനിച്ചിട്ടുണ്ട്. മിനിമം ചാർജ് ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ആ വാക്ക് പാലിച്ചിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യം ഉന്നയിച്ചാണ് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നത്. ഇതിൽ നിരക്ക് വർധനയാണ് ഇവരുടെ പ്രധാന ആവശ്യം. കേരളത്തിലെ പല സ്ഥലങ്ങളിലും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുന്ന സാഹചര്യമുണ്ട്. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്നത് മലബാർ മേഖലയിലും മധ്യകേരളത്തിലും ആളുകളാണ്.

നിലവിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടക്കുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ്സുകളുടെ സമരം വിദ്യാർത്ഥികളെ സാരമായ രീതിയിൽ തന്നെ ബാധിക്കുന്നു. ഈ മാസം 30 - ന് എൽഡിഎഫ് യോഗം ചേരുമെന്നാണ് വിവരം. ഈ യോഗത്തിന് ശേഷമായിരിക്കും നിരക്ക് വർധനയിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്ന് അറിയാൻ സാധിക്കൂ. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വകാര്യ ബസ്സുകളിൽ മിനിമം ചാർജ് 12 രൂപയാക്കണം, കിലോ മീറ്റർ നിരക്ക് എന്നത് ഒരു രൂപ പത്ത് പൈസ ആയി ഉയർത്തണം, വിദ്യാർത്ഥികൾക്ക് നൽകുന്ന ഇളവ് 6 രൂപയാക്കണം ഇതൊക്കെയാണ് ബസ്സുടമകൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. കോവിഡ് സാഹചര്യം കണക്കാക്കി വാഹന നികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് നടപ്പാക്കാത്തതിലും സ്വകാര്യ ബസ്സുടമകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, മാർച്ച് 24 മുതലാണ് കേരളത്തിൽ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് തുടങ്ങിയത്. സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തുന്നത്. അനിശ്ചിത കാലത്തേക്കാണ് പണിമുടക്കെന്നും സമര സമിതി പറഞ്ഞിരുന്നു. അനിശ്ചിതകാല പണിമുടക്കിൽ മുഴുവൻ ബസുടമകളും അണിനിരക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണം എന്ന അവിശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനു നോട്ടിസ് നല്‍കിയിരുന്നു.

എന്നാൽ, സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ അത് നേരിടുമെന്ന് നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. ബസ് ചാർജ് വർദ്ധനവ് ഇക്കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ച ചെയ്തിരുന്നില്ല. എന്നാൽ, കേരളത്തിൽ സ്വകാര്യ ബസ് പണിമുടക്കുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സി അധിക സർവീസ് നടത്തുകയാണ്. സ്വകാര്യ ബസ് സമരം നേരിടുന്നതിന്റെ ഭാഗമായായി കെ എസ് ആർടി സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കെഎസ്ആർടിസി സിഎംഡിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ച് കെ എസ് ആർ ടി സി സർവീസ് നടത്തുന്നു. നിലവിൽ യൂണിറ്റുകളിൽ ലഭ്യമായിട്ടുള്ള എല്ലാ ബസ്സുകളും സർവീസ് നടത്തുവാനാണ് സിഎംഡി നിർദ്ദേശം നൽകിയിരിക്കുന്നത്.
Recommended Video

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും.അതിനാൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധി നിയന്ത്രിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് സർവ്വീസിന്റെ ഷെഡ്യൂളുകൾ ക്രമീകരിക്കുവാൻ യൂണിറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും ബസ് പരിശോധന നടത്താനും നിർദ്ദേശം നൽകിയിരുന്നു.












Click it and Unblock the Notifications