പ്രമുഖ സാഹിത്യകാരൻ ഷാജി ഐപ്പ് വേങ്കടത്ത് അന്തരിച്ചു
കോട്ടയം: സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് അന്തരിച്ചു. ഇക്കഴിഞ്ഞ ആഗസ്‌റ്റ് 22ന് കോട്ടയത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
റിട്ട. ഗവണ്മെന്റ് പ്രസ് ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി കോട്ടയം പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗമായി സേവനമനുഷ്‌ഠിച്ച് വന്നിരുന്ന അദ്ദേഹം, കോട്ടയത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.
അമ്മ മനസ്സ്, ഡെയിഞ്ചർ ഡിസ്‌കവറി, ഇടനാഴി, കാട് ഒരു വിസ്‌മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ്സ് എന്നിവയാണ് ഷാജി വേങ്കടത്തിൻ്റെ പ്രധാന കൃതികൾ. കുഞ്ഞുണ്ണിമാഷ് ബാലസാഹിത്യ അവാർഡ്, ഷിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യന്റ് അവാർഡ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.

ഇടനാഴി എന്ന കഥക്ക് ഡിസി കിഴക്കേമുറി ചെറുകഥാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വകുപ്പുകളിൽ ഉപയോഗിക്കുന്നതിനായി തയാറാക്കിയ ഔദ്യോഗിക ഭാഷാ നിഘണ്ടു, ഭരണഭാഷ മലയാളീകരിക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾ, ലളിത ഗാനങ്ങൾ എന്നിവ അദ്ദേഹത്തിന്റേതായി ആകാശവാണി പ്രക്ഷേപണം ചെയ്‌തിരുന്നു.
ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: അനിത മേരി ഐപ്പ് (വൺഇന്ത്യ മലയാളം), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ് നഴ്‌സ് പാലക്കാട്). മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), ബബിൻ തോമസ് (സ്‌റ്റാഫ് നഴ്‌സ്, മുത്തൂറ്റ് സ്‌നേഹാശ്രയ). സംസ്ക്കാരം പിന്നീട് കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വച്ച് നടക്കും.
ഷാജി ഐപ്പ് വേങ്കടത്തിന്റെ നിര്യാണത്തിൽ വൺഇന്ത്യ അനുശോചിക്കുന്നു, പ്രിയ സഹപ്രവർത്തകയുടെ വ്യസനത്തിൽ മുഴുവൻ വൺഇന്ത്യ കുടുംബവും പങ്കുചേരുന്നു.












Click it and Unblock the Notifications