'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെന്ന്' ആക്രോശിച്ച് മുഖ്യമന്ത്രിക്ക് നേര പാഞ്ഞടുത്തു; എഫ്ഐആർ
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ് (28), കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ (34), സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
Recommended Video

രാഷ്ട്രീയ വൈരാഗ്യത്താൽ മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വലിയതുറ പോലീസാണ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനെയും ആക്രമിച്ചെന്നും എഫ് ഐ ആർ പറയുന്നു.
വിമാനം ലാൻഡ് ചെയ്യുമ്പോൾ ക്രൂ അംഗത്തിന്റെ നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമാണ് വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്ക് നേരെ നേതാക്കൾ പാഞ്ഞടുത്തത്. 'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെന്ന്' ആക്രോശിച്ച് കൊണ്ടാണ് ഇവർ മുഖ്യമന്ത്രിക്ക് നേരെ വന്നതെന്നും എഫ് ഐ ആറിൽ പറയുന്നു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചായിരുന്നു ഇന്നലെ വൈകീട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിനിടെയായിരുന്നു പ്രതികളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു എൽ ഡി എഫ് കൺവീനർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളി നീക്കുകയായിരുന്നു. പ്രവർത്തകരെ കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ പരിശോധിച്ചെങ്കിലും ആർ സി സിയിലേക്ക് പോകുകയാണെന്നായിരുന്നു ഇവർ പറഞ്ഞത്. രേഖകളും കൈയ്യിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സുനിത് നാരായണൻ എന്നയാൾ ഒളിവാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. സുനിത്ത് തിരുവനന്തപുരം നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. അതിനിടെ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications