സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ച നേരത്തെയായി പോയെന്ന് അച്ചു ഉമ്മന്‍; സ്ഥാനാര്‍ത്ഥിയാവുന്നതില്‍ മറുപടി ഇങ്ങനെ
കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നേരത്തെയായി പോയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ മകളോ മകനോ ആയിരിക്കും മത്സരിക്കുകയെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനാണ് അവര്‍ മറുപടി നല്‍കിയത്. തനിക്ക് ഉമ്മന്‍ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഇപ്പോള്‍ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചോദ്യങ്ങളും, ചര്‍ച്ചകളുമെല്ലാം വളരെ നേരത്തെയായി പോയി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി.പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യോഗ്യനായ സ്ഥാനാര്‍ഥിയാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കുകയെന്ന് അച്ചു ഉമ്മന്‍ പറയുന്നു.

'അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുള്ള ജനത്തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതുപോലെ തന്നെ ആളുകളെ ഇവിടെയും വരുന്നുണ്ട്. അപ്പ ഇവിടെയാണ് ആളുകളെ കണ്ടിരുന്നത്. അപ്പയുടെ സാന്നിധ്യം അനുഭവിക്കാനായിരിക്കും ഇവിടേക്ക് വരുന്നത്. സത്യം പറഞ്ഞാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതായിരുന്നു. ചാണ്ടി ഉമ്മന് സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യതയുണ്ട്. എന്നാല്‍ അതൊക്കെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കണം. ആര് സ്ഥാനാര്‍ത്ഥിയാവണം എന്നെല്ലാം പറയാന്‍ ഞാന്‍ ആരുമല്ല. പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരാന്‍ എനിക്ക് ' ആഗ്രഹമില്ലെന്ന് പറയുകയാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവ് കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുമ്പോള്‍ വലിയ ജനത്തിരക്ക് ഉണ്ടാവാറുണ്ട്. ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു അദ്ദേഹം എപ്പോഴും. യാത്രയയപ്പ് കണ്ടപ്പോഴാണ്, ഇത്രയധികം ആളുകളുടെ മനസ്സില്‍ ആഴത്തില്‍ ഇറങ്ങിയ സ്‌നേഹമാണ് ഉമ്മന്‍ ചാണ്ടിയോട് ഉള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പാതിരയ്ക്കും, വെളുപ്പിനുമെല്ലാം രോഗികളും, പ്രായമായവരുമെല്ലാം വന്ന് നില്‍ക്കുകയാണ്. അത് കണ്ടപ്പോഴാണ് ജനമനസ്സില്‍ അപ്പ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഞാനിത്രയും നാള്‍ ജീവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ടും അദ്ദേഹത്തിന്റെ മകളായി മാത്രം ജീവിക്കാനാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.
വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹമേയില്ല. സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത കാര്യമാണത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് മതി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുത്താല്‍ അത് കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയുടെ എംഎല്‍എയായി 53 വര്‍ഷമാണ് അപ്പ ഇരുന്നത്. ഞങ്ങള്‍ കുടുംബക്കാരെ പോലെ തന്നെ പുതുപ്പള്ളിയിലെ ഓരോ വ്യക്തിക്കും ഉമ്മന്‍ ചാണ്ടിയെ നന്നായി അറിയാം. പാര്‍ട്ടി ആരെ തിരഞ്ഞെടുത്താലും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരാളുമായിരിക്കണം എന്നും അച്ചു പറഞ്ഞു.












Click it and Unblock the Notifications