സ്നേഹം വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയെന്ന് സുധാകരന്‍: സിപിഎം വോട്ടും ലഭിച്ചെന്ന് വേണുഗോപാല്‍
കോട്ടയം: പുതുപ്പള്ളിയിലൂടെ കേരളം കണ്ടത് 'സ്നേഹം വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ്' എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത് . മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി. സ്നേഹത്തിന്റെ ശക്തിയെന്നും പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തില്‍ കെ സുധാകരന്‍ പ്രതികരിക്കുന്നു.
സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും, 'സ്നേഹത്തിന്റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്. തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എം എല്‍ എ ആയിരിക്കും ചാണ്ടി ഉമ്മൻ എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു.

കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനും എതിരായ അതിതീവ്രവികാരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ ഈ ജനവിധിയിലൂടെ എല്‍ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരേ കൃത്യമായ സന്ദേശം നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സി പി എമ്മിന് അടിത്തറയുള്ള മണ്ഡലമായ പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ സി പി എം അനുഭാവികളുടെ വോട്ടും യു ഡി എഫിന് ലഭിച്ചു. അവര്‍ പിണറായി ഭരണത്തെ അത്രത്തോളം മടുത്തു. കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശം നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുതുപ്പള്ളിയിലേത്. യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഐക്യത്തോടു കൂടിയുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ കൂടി വിജയമാണിത്.
തിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ ചാണ്ടിയുടെ ജനസ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണ്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സി പി എമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ ജനവികാരവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. ഒപ്പം ബി ജെ പിയുടെ വർഗീയ, വിഭജന തന്ത്രങ്ങളുടെ മുഖത്തേറ്റ പ്രഹരം കൂടിയാണിതെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെ പുതുപ്പള്ളിയിലൂടെ ജനങ്ങൾ ആദരിച്ചിരിക്കുകയാണെന്നായിരുന്നു രമേശ് ചെന്നിത്തലയും പ്രതികരണം. ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിനായി സഹായിച്ച എല്ലാ മാന്യ വോട്ടർമാർക്കും കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ, ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനദ്രോഹ സർക്കാരിന്റെ ആണിക്കല്ലിളക്കുന്ന തരത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയം. അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും കൊണ്ട് ജനങ്ങളെ വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടിയാണ് പുതുപ്പള്ളിയിൽ കണ്ടത്. സർക്കാരിന്റെ ഭരണ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തിട്ടും എല്ലാ തരത്തിലുള്ള സ്വാധീനമുപയോഗിച്ചിട്ടും ജനങ്ങൾ സർക്കാരിനെ പ്രഹരിക്കുകയാണ് ചെയ്തത്. അഴിമതിക്കതിരെയുള്ള പോരാട്ടത്തിനുള്ള ജനങളുടെ ഉറച്ച പിന്തുണയാണ് പുതുപ്പള്ളി നൽകിയത്.
ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ ചെയ്തതിനും അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടിയതിനും ജനങ്ങൾ സി പി എം ന് മാപ്പു കൊടുക്കുന്നില്ല എന്ന് തെളിഞ്ഞിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications