Puthuppally Results: പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് പോയി; പ്രതികരിച്ച് ഇപി ജയരാജൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷവുമായി വിജയത്തിലേക്ക് അടുക്കുമ്പോൾ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. മണ്ഡലത്തിലെ ബി ജെ പി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് ജയരാജൻ ആരോപിച്ചു. പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇപി ഫലം മുഴുവനായി വന്നതിന് ശേഷം പ്രതികരിക്കുമെന്നും പറഞ്ഞു.
പുതുപ്പള്ളിയില്‍ ബി ജെ പിയുടെ വോട്ട് യു ഡി എഫിന് ലഭിച്ചുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ബുധനാഴ്ച ആരോപിച്ചിരുന്നു. ബി ജെ പി വോട്ട് വാങ്ങിയാല്‍ മാത്രമേ ചാണ്ടി ഉമ്മന് മണ്ഡലത്തിൽ ജയിക്കാൻ കഴിയൂവെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ബി ജെ പിയുടെ പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നില്ലെന്ന് ഇന്ന് രാവിലെ മന്ത്രി വി എൻ വാസവനും പ്രതികരിച്ചിരുന്നു.

അതേസമയം മണ്ഡലത്തിൽ വൻ തിരിച്ചടിയാണ് ബി ജെ പി നേരിട്ടിരിക്കുന്നത്. 2016ല്‍ ജോര്‍ജ് കുര്യന് 15993 വോട്ടുകളും 2021ല്‍ എന്‍ ഹരിക്ക് 11694 വോട്ടുകളും മണ്ഡലത്തിൽ നേടാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ എൻ ഡി എ സ്ഥാനാർത്ഥിയായ ലിജിൻ ലാലിന് നിലം തൊടാൻ പോലും സാധിച്ചില്ല. അഞ്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3098 വോട്ട് മാത്രമാണ് ലിജിന് ലഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമായിരുന്നു ലിജിന് ആയിരം വോട്ടെങ്കിലും നേടാൻ സാധിച്ചത്.
അതിനിടെ മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. 37000ത്തിലധികം വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നേറുന്നത്. മണ്ഡലത്തിലെ ഉമ്മൻചാണ്ടിയുടെ റെക്കോഡും ചാണ്ടി ഉമ്മൻ മറികടന്ന് കഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടത്തെ റെക്കോഡ്. തുടക്കം മുതൽ തന്നെ വലിയ മുന്നേറ്റമായിരുന്നു ചാണ്ടി ഉമ്മൻ നടത്തിയത്. മണർകാട് അടക്കം എൽ ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ചാണ്ടി ഉമ്മൻ മിന്നും പ്രകടനമായിരുന്നു കാഴ്ച വെച്ചത്. യു ഡി എഫ്- 54,644, എല്‍ ഡി എഫ്- 29,258 എന്‍ ഡി എ- 4,729 എന്നിങ്ങനെയാണ് നിലവിലെ വോട്ട് നില.












Click it and Unblock the Notifications