കേരളം സ്തംഭിച്ച ദുരന്തം;51 പ്രതികള്‍ക്ക് 2.09 ലക്ഷം പേജുകളുള്ള കുറ്റപത്രം,എത്തിച്ചത് രണ്ട് ജീപ്പില്‍
കൊല്ലം: കേരളത്തെ ഞെട്ടിച്ച ദുരന്തമായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം. കഴിഞ്ഞദിവസമാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ പരവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
13.5 കിലോ വീതം ഭാരം വരുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പുകളാണ് പരവൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. വിചാരണ നേരിടുന്ന 51 പ്രതികള്‍ക്ക് നല്‍കുന്നതിന് 51 കെട്ടുകളാണ് ഹാജരാക്കിയത്. 51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജുകളാണ് ഉള്ളത്.

കുറ്റപത്രം 10,855 പേജുകള്‍ വീതമാണെങ്കിലും ഇതില്‍ 4,022 പേജ് വീതം സൗജന്യമായി നല്‍കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇത്രയും പേജിന്റെ പകര്‍പ്പുകളാണ് ഇപ്പോള്‍ ഹാജരാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് രണ്ട് ജീപ്പുകളിലായിട്ടാണ് കുറ്റപത്രം എത്തിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് ഡിവൈഎസ്പി നാസറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സി. ജോസ് പ്രതാപ്, അഷറഫ് ബൈജു, എഎസ്‌ഐ അബ്ദുല്‍ കബീര്‍ ജോ ചാക്കോ, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കുറ്റപത്രം എത്തിച്ചത്.
സാക്ഷിമൊഴികള്‍, മജിസ്‌ട്രേറ്റ് മുമ്പകെ കൊടുത്ത മൊഴികള്‍, പോലീസ് റിപ്പോര്‍ട്ട്, എഫ്‌ഐആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുകള്‍, പരിക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാരേഖകള്‍ എന്നിവ ഉള്‍പ്പടെ ഉള്ള രേഖകളാണ് കോടതിയില്‍ ഹാജര്‍ ആക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍. രവീന്ദ്രനാണ് ഹാജരായത്.
ഓരോ പ്രതിക്കും 10,855 പേജിന്റെയും പകര്‍പ്പ് നല്‍കണമെന്ന പരവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് 4,022 പേജ് വീതം കോടതിയില്‍ ഹാജരാക്കിയത്. വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുകയും തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനനം എടുക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ 59 പ്രതികളുണ്ടെങ്കിലും 8 പേര്‍ മരണപ്പെട്ടു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു 2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം 110 പേരാണ് മരിച്ചത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തമുണ്ടായത്.
ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. കമ്പത്തിനായി നിറച്ചിരുന്ന വെടി മരുന്നിലേക്ക് തീപ്പൊരി വീണ് ആണ് അപകടം ഉണ്ടായത് എന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെച്ചിയത്. 750ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നിരുന്നു.












Click it and Unblock the Notifications