ആർഎസ്എസ് - എഡിജിപി ചർച്ച: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പി ശശിയും എഡിജിപിയും പൂഴ്ത്തിയെന്ന് പിവി അന്‍വര്‍
മലപ്പുറം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി പി വി അൻവർ എം എൽ എ. ആർ എസ് എസ് - എ ഡി ജി പി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ചേർന്ന് പൂഴ്ത്തി വെച്ചെന്നാണ് പി വി അൻവർ ആരോപിച്ചത്.
ആർ എസ് എസ് - എ ഡി ജി പി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും ശശിയും ചേർന്ന് ഇന്റിലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി വി അൻവർ പറഞ്ഞു.

' ആർ എസ് എസ് നേതാവിനെ എ ഡി ജി പി അജിത് കുമാർ കണ്ടതുമായി ബന്ധപ്പെട്ട് ഇന്റലിജന്‌സ് റിപ്പോർട്ട് ആ സമയത്ത് തന്നെ നൽകിയിരുന്നെന്നും എന്നിട്ടും എന്താണ് മുഖ്യമന്ത്രി അതിൽ നടപടി എടുക്കാതിരുന്നത് എന്നും കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി സംസ്ഥാനത്ത് ചർച്ചയാണ്. ആ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്നാണ് എന്റെ അന്വേഷണത്തിൽ, ചില പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ' പി വി അൻവർ പറഞ്ഞു.
സ്പെഷ്യൽ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത് എന്നും ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. എ ഡി ജി പി എം ആർ അജിത് കുമാറും അദ്ദേഹത്തിനാെപ്പം നിൽക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായിരിക്കും അത് എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും വിശ്വസിച്ചർ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ് എന്നും അൻവർ പറഞ്ഞു.
അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കുമെന്നും ലോകമെന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കിൽ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം.
ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂർണ ബോധ്യം വരുന്നതോടെ അതിന്മേൽ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് അൻവർ പറഞ്ഞു. പോലീസിലെ ആർ എസ് എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും അൻവർ പറഞ്ഞു.












Click it and Unblock the Notifications