അജിത് കുമാറിന് ഡിജിപിയുടെ യൂണിഫോമിന് പകരം ആര്‍എസ്എസിന്റെ ട്രൗസറും ദണ്ഡും കൊടുക്കണം: അന്‍വര്‍
നിലമ്പൂര്‍: എ ഡി ജി പി എം ആര്‍ അജിത് കുമാറിന് ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. അജിത് കുമാറിന് നല്‍കിയ പ്രൊമോഷന്‍ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതാണ് എന്ന് അന്‍വര്‍ പറഞ്ഞു. അജിത് കുമാറിനെ ഡി ജി പിയാക്കാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയും പൊലീസ് തലപ്പത്തെത്തിയിട്ടില്ല. അജിത് കുമാര്‍ ഒരു നൊട്ടോറിയസ് ക്രിമിനല്‍ ആണ് എന്ന് കാലം തെളിയിച്ചതാണ്. ഞാന്‍ നല്‍കിയ പരാതിയില്‍ അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. ആ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാരില്‍ നിന്ന് വന്നിരിക്കുന്നത്,' അന്‍വര്‍ പറഞ്ഞു.

ഈ അന്വേഷണങ്ങള്‍ വെറും പ്രഹസനമാണ് എന്ന് ബോധ്യപ്പെട്ടു എന്നും ഇത് പല ഘട്ടത്തിലും താന്‍ പറഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനും പൊലീസും പൂര്‍ണമായും ആര്‍ എസ് എസിന് കീഴ്‌പ്പെട്ടു എന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിനെ ഡി ജി പിയാക്കാനുള്ള നീക്കത്തെ സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്നും അദ്ദേഹം ചോദിച്ചു.
അജിത് കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണമെന്നും അദ്ദേഹം പരിഹസിച്ചു. നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുത്ത് ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണം. നവീന്‍ ബാബുവിന്റെ മരണവും മാമി തിരോധാനവും ഉള്‍പ്പെടെ പല കേസുകളിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും അന്‍വര്‍ പറഞ്ഞു.
ഇന്നലെയാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈയിടെ ചേര്‍ന്ന ഐ പി എസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. കമ്മറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. യു പി എസ് സി ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 2025 ജൂലൈ 1 ന് ഒഴിവ് വരുന്ന മുറക്ക് അജിത് കുമാറിന് ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാര്‍ അടക്കമുളള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസമല്ല എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ സ്ഥാനക്കയറ്റ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.












Click it and Unblock the Notifications