'പിവി അൻവർ ഈ നാല് കാര്യം തിരുത്തണം , എന്നാൽ സഹകരിക്കാം'; പിന്തുണച്ച് വിടി ബൽറാം
പാലക്കാട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എം എൽ എയ്ക്ക് പിന്തുണയുമായി കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബൽറാം. ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കുമെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം യു ഡി എഫിൽ സഹകരിപ്പിക്കണമെങ്കിൽ ചില ഉപാധികളും വിടി ബൽറാം അൻവറിന് മുൻപിൽ വെച്ചിട്ടുണ്ട്. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണമെന്നും രാഹുൽ ഗാന്ധിയ്ക്കെതിരെ മുൻപ് നടത്തിയ പ്രതികരണങ്ങൾ തിരുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് ബൽറാം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
'രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.

അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പോലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും', ബൽറാം കുറിപ്പിൽ പറഞ്ഞു.
അതേസമയം ഡിഎഫ്ഒ ഓഫീസ് ആക്രമണത്തിലെ അറസ്റ്റിൽ യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായി പിവി അൻവറിന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും യു ഡി എഫ് പ്രവേശനം സംബന്ധിച്ച് നേതാക്കൾ ആരും തന്നെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. അതിനിടയിൽ ചില ഘടകക്ഷികൾ പരസ്യമായി തന്നെ ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കുയും ചെയ്തിട്ടുണ്ട്. ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ ആണ് എതിർപ്പ് പങ്കുവെച്ചത്. ആദ്യം അൻവർ തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം അറസ്റ്റോടെ അൻവർ കൂടുതൽ കരുത്തനായെന്നും യു ഡി എഫിലേക്കുള്ള പ്രവേശന സാധ്യത ഉയർന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












Click it and Unblock the Notifications