രാഹുലിന്റേയും പിണറായിയുടേയും പ്രസ്താവന കേരളത്തിലും ഇന്ത്യ സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ
കോഴിക്കോട്: ഇടതുപക്ഷം എന്റെ കുടുംബത്തെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കേരളത്തിൽ ബി ജെ പിയെ ജയിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇന്ത്യ സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വാളയാറിന് അപ്പുറമുള്ള സഖ്യം കേരളത്തിലും വേണമെന്ന് പരസ്യമായി പറഞ്ഞ രണ്ട് നേതാക്കളും പരസ്പരം സൗഹൃദ മത്സരം നടത്തി എന്തിനാണ് നാട്ടുകാരെ കബളിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം വോട്ടർമാരെ സമീപിക്കാൻ പോലും കഴിയാതെ ഇടതു സ്ഥാനാർത്ഥികൾ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തിരിക്കുകയാണ്. കോൺഗ്രസാണെങ്കിൽ 40 സീറ്റ് പോലും കിട്ടാത്ത ദയനീയ അവസ്ഥയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോൺഗ്രസിനും തകരുന്ന സി പി എമ്മിനും പരസ്പരം കൈകോർക്കുകയല്ലാതെ മറ്റ് മാർഗമില്ല.

കാതലായ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് വടകരയിലെ സൈബർ പോര് ഇരുകൂട്ടരും ഉയർത്തി കാണിക്കുന്നത്. കേരളത്തിലെ 20 എംപിമാരും വലിയ പരാജയമായിരുന്നു. സംസ്ഥാന സർക്കാരിലെ മന്ത്രിമാരും ജനങ്ങളെ ദ്രോഹിക്കുകയാണ്. എന്നാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ രണ്ട് മുന്നണികളും ആഗ്രഹിക്കുന്നില്ല. കരുവന്നൂരിലെ ഇരകൾക്ക് നീതി ലഭിക്കാതിരിക്കാനാണ് കോൺഗ്രസും സി പി എമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം
വണ്ടൂർ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് വണ്ടൂർ മണ്ഡലത്തിൽ ആവേശോജ്ജ്വല തുടക്കം. ഉച്ചയ്ക്ക് ശേഷം തിരുവാലിയിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ കെ.സുരേന്ദ്രനെ ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയുമാണ് അമ്മമാർ സ്വീകരിച്ചത്. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു കെ.സുരേന്ദ്രന്റെ വണ്ടൂരിലെ പര്യടനം. വഴിയോരത്ത് നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്.
ചെറുകോട്, വണ്ടൂർ, തുവ്വൂർ, കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട്, പൂക്കോട്ടുംപാടം, കരുളായി, ചന്തക്കുന്ന്, ചുങ്കത്തറ, എടക്കര തുടങ്ങിയ സ്ഥലങ്ങളിലൂടെ വഴിക്കടവിലാണ് മണ്ഡലം പര്യടനം സമാപിച്ചത്. തന്നെ ആശിർവദിക്കാനായി എത്തിയ വൻജനാവലി വയനാട്ടിലും മോദി തരംഗം ആഞ്ഞടിക്കുന്നതിന്റെ തെളിവാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കണമെന്ന് വോട്ടർമാർക്ക് ബോധ്യമായിരിക്കുകയാണ്. രാഹുൽഗാന്ധിക്കും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. വർഗീയതയും ഭിന്നിപ്പുമാണ് രണ്ട് കൂട്ടരുടേയും ഏക അജണ്ട. എൻഡിയെ തോൽപ്പിക്കാൻ പരസ്പരം കൈകോർക്കാമെന്നാണ് രാഹുലും പിണറായിയും പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications