രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി, ഇനിയുള്ള നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അജിതീവിതയെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു എന്ന വകുപ്പ് കൂടി രാഹുല്‍ ഈശ്വറിനെതിരെ ചുമത്തി. എആര്‍ ക്യാമ്പിലെ ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
അധിജീവിതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി പ്രതികരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന വ്യക്തി രാഹുല്‍ ഈശ്വറാണ്. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുത്തത്.

വൈകീട്ട് നാല് മണിക്ക് ശേഷമാണ് രാഹുല്‍ ഈശ്വറിന്റെ താമസസ്ഥലത്ത് പോലീസ് എത്തിയത്. കേസിന്റെ കാര്യം പറഞ്ഞ് കസ്റ്റിഡിയില്‍ എടുക്കുകയാണെന്ന് അറിയിച്ചു. ചോദ്യം ചെയ്യാന്‍ കൂടെ വരണം എന്ന് ആവശ്യപ്പെട്ടു. സ്വന്തം കാറില്‍ എത്താമെന്ന് അറിയിച്ചപ്പോള്‍ പോലീസ് സമ്മതിച്ചു. ഭാര്യ ദീപയുടെ കാറിലാണ് രാഹുല്‍ ഈശ്വര്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. ഒപ്പം ഒരു പോലീസുകാരനും കാറില്‍ കയറി. ഇടയ്ക്ക് വച്ച് പോലീസ് എആര്‍ ക്യാമ്പിലേക്ക് വിടാന്‍ നിര്‍ദേശിച്ചു.
ക്യാമ്പില്‍ വച്ച് രാത്രി ഒമ്പത് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത് എന്നാണ് പോലീസ് ദീപയോട് പറഞ്ഞിരുന്നത്. വൈകാതെ രാഹുല്‍ ഈശ്വര്‍ പുറത്തുവരുമെന്ന് കരുതി ദീപ പുറത്ത് കാത്തുനിന്നിരുന്നു. എന്നാല്‍ പിന്നീടാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസെടുത്തതും അറസറ്റ് രേഖപ്പെടുത്തിയതും.
രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധന നടത്തിയ ശേഷം സൈബര്‍ സെല്‍ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിക്കുമെന്നാണ് കരുതുന്നത്. നാളെയാകും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക എന്നാണ് വിവരം. ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന് പറയപ്പെടുന്നു. രാഹുലിന്റെ മൊബൈല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലാപ്‌ടോപ്പ് കൂടി പരിശോധിച്ചേക്കും.
ജനറല്‍ ആശുപത്രിയില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച വേളയില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഐഡന്റിറ്റി താന്‍ വെളിപ്പെടുത്തിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വേണം എന്ന് പറയാന്‍ കാരണം ഇതാണ്. ഒരു പരാതിയുടെ മാത്രം അകലത്തിലാണ് നമ്മുടെ ആണ്‍മക്കളും ജയിലും എന്ന് രാഹുല്‍ പറഞ്ഞു.
മറ്റു പ്രതികള്‍ക്കെതിരെയും സമാനമായ നടപടി ഉണ്ടായേക്കും. കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഈ കേസില്‍ പ്രതികളാണ്. താന്‍ ഇരയുടെ ഫോട്ടോയോ ഐഡന്റിറ്റിയോ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, ഡിവൈഎഫ്‌ഐ നേതാവാണ് സോഷ്യല്‍ മീഡിയ വഴി ഇരയുടെ എല്ലാ വിവരങ്ങളും പരസ്യമാക്കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications