എസ്ഡിപിഐ, ജമാ അത്ത് വോട്ട് വാങ്ങിയാണ് രാഹുലും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത്: എംവി ഗോവിന്ദന്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ എന്നിവരുടെ വോട്ട് വാങ്ങിയാണ് എന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വയനാട് മണ്ഡലത്തിന് കീഴില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം സാന്ദ്രതയുള്ളവയാണ് എന്ന് ഗോവിന്ദന്‍ പറഞ്ഞു.
എസ് ഡി പി ഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുല്‍ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോള്‍ പൊള്ളേണ്ട കാര്യമില്ല എന്ന് ഗോവിന്ദന്‍ പറഞ്ഞു. അവരുടെ വോട്ട് കൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് തങ്ങള്‍ പറയുന്നില്ല എന്നും പക്ഷേ അതുകൂടി ചേര്‍ന്നാണ് ജയിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

''അവിടെ വളരെ പ്രധാനമായ മുസ്ലിം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്. വയനാടിന് കീഴിലുള്ള മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലാണ്. മറ്റ് മൂന്ന് മണ്ഡലമാണ് വയനാട് ജില്ലയില്‍ ഉള്ളത്. ആ ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുല്‍ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോള്‍ പൊള്ളണ്ട,' ഗോവിന്ദന്‍ പറഞ്ഞു.
വയനാട് തിരഞ്ഞെടുപ്പ് ഫലം അങ്ങനെ തന്നെ വിശകലനം ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
74000 വോട്ടിനാണ് ബിജെപി അവിടെ ജയിച്ചത്. ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ട് കാണാനില്ല. ഇതെല്ലാം പോയത് ബിജെപിയിലേക്കാണ് എന്നും 2016 ല്‍ നേമത്ത് ഒ രാജഗോപാലിനെ ജയിപ്പിച്ച പോലെ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതും കോണ്‍ഗ്രസാണ് എന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയവും സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
'പാലക്കാട് ഞങ്ങള്‍ ജയിച്ചുവെന്നാണ് എകെ ആന്റണി അടക്കമുള്ളവര്‍ പറയുന്നത്. 10000 വോട്ട് തങ്ങളുടേതാണ് എന്നാണ് എസ്ഡിപിഐ പറയുന്നത്. നാലായിരം വോട്ട് ജമാഅത്തെ ഇസ്ലാമിയുടേതാണ്. ബിജെപിയുടെ 4500 വോട്ടും കോണ്‍ഗ്രസ് വാങ്ങി,' എംവി ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി-എസ് ഡി പി ഐ-ബി ജെ പി വോട്ട് വാങ്ങിയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് എന്നും മുസ്ലീം ലീഗിനായാലും കോണ്‍ഗ്രസിനായാലും ഈ രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications