പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്... വികാര നിര്‍ഭരം, ടിഎന്‍ പ്രതാപന്‍ കുറിപ്പ്
കൊച്ചി: രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. മോദി പരാമര്‍ശ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതാണ് ഇതിന് ആധാരം. അദ്ദേഹം ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും കോടതി അപ്പീല്‍ തള്ളി. ഇതോടെയാണ് രാഹുല്‍ തുഗ്ലക് ലൈനിലെ വസതി ഒഴിഞ്ഞത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന സാഹചര്യം രാഷ്ട്രീയ പ്രതികാരത്തില്‍ നിന്നുണ്ടായതാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കീഴ്‌ക്കോടതി വിധി വന്ന പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും ഇക്കാര്യത്തിലുള്ള തിടുക്കവും ഇതിന് തെളിവാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി മടങ്ങിയത് ശനിയാഴ്ചയാണ്. ഒരു പതിറ്റാണ്ടിലധികമായി അദ്ദേഹം ഈ വസതിയിലാണ് താമസിച്ചിരുന്നത്. മാത്രമല്ല, കോണ്‍ഗ്രസ്, ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വസതി കൂടിയാണിത്. ഇവിടെ നിന്നുള്ള രാഹുലിന്റെ പടിയിറക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ കുടുംബം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍മിപ്പിച്ചാണ് ഇതിനോട് ടിഎന്‍ പ്രതാപന്‍ എംപി പ്രതികരിച്ചത്. നെഹ്രുവും ഇന്ദിരാ ഗാന്ധിയും നല്‍കിയ സാമ്പത്തിക സഹായങ്ങളും ഇന്ദിരയും രാജീവ് നല്‍കിയ ജീവനുമെല്ലാം അദ്ദേഹം എടുത്തു പറയുന്നു. ആ കുടുംബത്തിന്റെ പുതുതലമുറ രാജ്യത്തിന് വേണ്ടി തെരുവിലുണ്ടെന്നും അദ്ദേഹം കുറിച്ചു.

ടിഎന്‍ പ്രതാപന്‍ എംപിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. ആ കുടുംബവീട് അവര്‍ രാജ്യത്തിന് നല്‍കി. ജവഹര്‍ലാല്‍ തന്റെ സ്വത്തില്‍ നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്‍കി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്.
തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നല്‍കി.
ഇപ്പോള്‍ സത്യം പറയുന്നതിന്റെ പേരില്‍, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടി.
ഇന്ന്, തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്‍ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.












Click it and Unblock the Notifications