പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; താന്‍ വന്നത്, സഹോദരനായി, രാഷ്ട്രീയമല്ല: രാഹുല്‍ ഗാന്ധി
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ മണിപ്പൂർ സന്ദർശിക്കുകയും അദ്ദേഹത്തെ കേള്‍ക്കുകയും ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോള്‍ പ്രശ്നമില്ലെങ്കിലും പ്രധാനമന്ത്രി ഇവിടം സന്ദർശിക്കണം മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മണിപ്പൂരിൽ പ്രശ്നബാധിത മേഖലകളും ക്യാമ്പുകളും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "എനിക്ക് മണിപ്പൂരിനോട് പറയണം, ഞാൻ ഇവിടെ വരുന്നത് നിങ്ങളുടെ സഹോദരനായാണ്. മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

കലാപബാധിത പ്രദേശങ്ങളിലെ അവസ്ഥകളില്‍ കുറച്ച് പുരോഗതി പ്രതീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതി കാണാത്തതിൽ നിരാശയുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉച്ചയോടെ ഇംഫാൽ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി ജിരിബാം, ചുരാചന്ദ്പൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അക്രമത്തിൽ ഇരയായവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മണിപ്പൂർ ഗവർണർ അനുസൂയ യൂക്കിയേയും അദ്ദേഹം സന്ദർശിച്ചിരുന്നു. "ഇതൊരു വലിയ ദുരന്തമാണ്. സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നതിൽ ഞാൻ ഗവർണറോട് അതൃപ്തി പ്രകടിപ്പിച്ചു," രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രി ഇംഫാലിൽ തങ്ങുന്ന അദ്ദേഹം മണിപ്പൂർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ഇത്തവണ ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെുടുപ്പിന് തൊട്ടുമുമ്പ് രണ്ട് തവണ മണിപ്പൂർ സന്ദർശിച്ച രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്.
അക്രമം നടന്ന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം മണിപ്പൂർ വംശീയ സംഘർഷം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലൊന്നായ ചുരാചന്ദ്പൂർ സന്ദർശിച്ചതായിരുന്നു മലയോര മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദർശനം.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ അടുത്ത സന്ദർശനം. വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് "സമാധാനവും ഐക്യവും കൊണ്ടുവരും" എന്ന വാഗ്ദാനവുമായിട്ടായിരുന്നു മണിപ്പൂരിൽ നിന്ന് കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചു.
മണിപ്പൂരിലെ രണ്ട് ലോക്‌സഭാ എംപിമാരായ അംഗോംച ബിമോൾ അക്കോയിജം (ഇന്നർ മണിപ്പൂർ), ആൽഫ്രഡ് കങ്കം എസ് ആർതർ (ഔട്ടർ മണിപ്പൂർ (എസ്ടി) എന്നിവരും എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായിരുന്നു.












Click it and Unblock the Notifications