കെപിസിസി പ്രസിഡന്റിനെ രാഹുല്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് ആരെന്ന കാര്യം തീരുമാനിച്ചുകഴിഞ്ഞു എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ജോലി മാത്രമേ ബാക്കിയുള്ളൂ. ഇത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുമെന്നും വാസ്‌നിക് പറഞ്ഞു.
നിലവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി മന്ത്രിസഭയില്‍ എത്തിയതോടെയാണ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. നിയമസഭ സമ്മേളം തീരുന്ന മുറക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്.

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍, വിഡി സതീശന്‍ എംഎല്‍എ എന്നിവരുടെ പേരുകളാണ് തുടക്കം മുതലേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. ഇതില്‍ ജി കാര്‍ത്തികേയനാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഴിമതി വിരുദ്ധ മുഖമുള്ള വിഎം സുധീരനെ കെപിസി അധ്യക്ഷനാക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എകെ ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുധീരന് തന്നെ നറുക്ക് വീഴുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് സമ്മതനായ വ്യക്തി ജി കാര്‍ത്തികേയന്‍ തന്നെയാണ്. രണ്ട് ഗ്രൂപ്പിന്റേയും ഭാഗമല്ലെങ്കിലും രണ്ട് കൂട്ടരുമായും നല്ല സൗഹൃദത്തിലാണ് കാര്‍ത്തികേയന്‍. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനായി നിയമിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടിയും വരും.
എന്തായാലും കോണ്‍ഗ്രസ് ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി അത് രാഹുല്‍ ഗാന്ധി എന്ന് പ്രഖ്യാപിക്കും എന്നത് മാത്രമാണ് പ്രശ്‌നം.












Click it and Unblock the Notifications