നാളെ മഴ മുന്നറിയിപ്പ് ഈ ഏഴ് ജില്ലകളില്‍; ഇടിമിന്നലിനെ സൂക്ഷിക്കണം: മോന്‍താ ചുഴലിക്കാറ്റ് നാളെ കരതൊടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ ഏഴ് ജില്ലകള്‍ക്കാണ് മഞ്ഞ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി വരെയുള്ള ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ബുധനാഴ്ച മുതല്‍ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല.
അതേസമയം മോന്‍താ ചുഴലിക്കാറ്റ് നാളെ ആന്ധ്രപ്രദേശ് തീരത്ത് കര തൊടുമ്പോള്‍ കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും ഒഡീഷയെയും ആണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിക്കുക. ഇതിന്റെ ഫലമായി വടക്കന്‍ കേരളത്തില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച വരെ ഏറ്റക്കുറച്ചിലുകളോടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മഴ തുടരാനാണ് സാധ്യത.

ആന്ധ്രയിലും ഒഡീഷയിലും ജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
മോന്‍താ ചുഴലിക്കാറ്റിന്റെ ഫലമായി കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസം മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മുഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം
- ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
- നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
- ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.












Click it and Unblock the Notifications