മഴ കുറയുന്നു; മുന്നറിയിപ്പിൽ ആശ്വാസം, ആലപ്പുഴയിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ചുകൊണ്ട് പെയ്‌ത മഴയ്ക്ക് ശമനം. പലയിടത്തും മഴയുടെ ശക്തി കുറയുകയാണ്. എങ്കിലും അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടില്ല എന്നതാണ് ആശ്വാസം.

ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മത്സബന്ധനത്തിനുള്ള വിലക്കും ഇപ്പോഴും തുടരുന്നുണ്ട്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദ പാത്തിയുടെയും ഗുജാറത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് മഴ കുറയുന്നത്.
എന്നാൽ ജൂലൈ രണ്ടാം വാരത്തോടെ മഴ വീണ്ടും സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കാണ് അവധി.
കൂടാതെ ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ കൂടി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ താലൂക്കുകളിലാണ് അവധി. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല,അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയാണ്.
മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിലെ എടവനക്കാട് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽക്ഷോഭം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാശ്വത നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. എടവനക്കാട് ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താൽ നടത്തുന്നത്.
കടൽക്ഷോഭം തടയുന്നതിനായി ഇവിടെ ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് എടവനക്കാട് പ്രദേശവാസികൾ ഉയർത്തുന്ന പ്രധാന ആവശ്യം. ആറ് മാസത്തിനുള്ളിൽ ഇതിന്റെ ജോലികൾ തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം നീളുകയാണ്. ഇതോടെയാണ് പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തത്.












Click it and Unblock the Notifications