കലിതുള്ളി മഴ; പലയിടത്തും കനത്ത നാശം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ,വിവിധ ഡാമുകൾ തുറന്നു
തിരുവനന്തപരം: സംസ്ഥാനത്ത് മഴരൂക്ഷമായതോടെ പലയിടങ്ങളിലും കനത്ത നാശനഷ്ടം. വടക്കൻ ജില്ലകളിലാണ് മഴക്കടുതി രൂക്ഷമായത്. വയനാട്ടിലും കണ്ണൂരിലും ഇടുക്കിയിലും മണ്ണിടിച്ചിലുണ്ടായി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. റോഡ് ഗതാഗതവും തടസപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതോടെ ഇരുവഴിഞ്ഞി പുഴ, ചിലാപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കോടഞ്ചേരി ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി. കുറ്റ്യാടിയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു. കൊയിലാണ്ടിയിൽമത്സ്യബന്ധന ബോട്ട് മറിഞ്ഞു മൂന്ന് പേർ അപകടത്തിൽപ്പെട്ടു. ഇവരെ പിന്നീട് രക്ഷിച്ചു.

വയനാട്ടിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.പുത്തുമല കാശ്മീര്‍ ദ്വീപിലേയും പുഞ്ചിരി മട്ടം കോളനിയിലേയും 7 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.പ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരട്ടി വളവുപാറയിൽ മതലിടിഞ്ഞു. മലപ്പുറത്ത് മുപ്പിനിയിൽ പാലം മുങ്ങി. നിലമ്പുർ വെളിയന്തോട് റോഡിൽ വെള്ളം കയറി
7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ഒഴികെ മറ്റ് ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സ്കൂളുകൾക്കാണ് അവധി.
ഡാമുകൾ തുറന്നു
ആളിയാർഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 11 സ്പിൽവെ ഷട്ടറുകൾ 15 സെ.മി വീതമാണ് തുറന്നത്. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. കക്കയം ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നതോടെ ഇവിടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയാൽ തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ഡാം തുറന്നുവിട്ടേക്കും. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. തൃശൂർ പീച്ചി ഡാമും തുറന്നിട്ടുണ്ട്.
8 ജില്ലകളിൽ യെല്ലോ അലർട്ട്
നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.












Click it and Unblock the Notifications