രാഖിലിന്റെ ആ ഉറപ്പിൽ മാനസയും കുടുംബവും എല്ലാം അവസാനിച്ചെന്ന് കരുതി, മൂന്നാഴ്ചയ്ക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു
കണ്ണൂര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം കോതമംഗലം നടന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ സുഹൃത്ത് രാഖില്‍ വെടിവച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് രാഖില്‍ ഈ കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
രാഖിലിന് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. എന്നാല്‍ ഇപ്പോഴിതാ കൊലപാതകം നടക്കുന്നതിന് മൂന്നാഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ എസ്പി ഓഫീസില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.

മാനസയെ രാഖില്‍ ശല്യപ്പെടുന്നതിനെ തുടര്‍ന്നാണ് എസ്പി ഓഫീസില്‍ നിന്നും രാഖിലിനെയും കുടുംബത്തെയും വിളിപ്പിച്ചത്. ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കിടെ എസ്പിയുടെ ചോദ്യങ്ങള്‍ക്കൊന്നും രാഖില്‍ മറുപടി നല്‍കിയിരുന്നില്ല. ചര്‍ച്ചയ്ക്കിടെ മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് എസ്പി കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മാനസയുടെ മാതാപിതാക്കല്‍ക്ക് ശല്യപ്പെടുത്തില്ല എന്ന ഉറപ്പ് നല്‍കിയിരുന്നു,

എന്നാല്‍ മൂന്നാഴ്ചകള്‍ക്കിപ്പുറം മാനസയുടെ മാതാപിതാക്കല്‍ കേള്‍ക്കുന്ന തങ്ങളുടെ മകളുടെ വിയോഗ വാര്‍ത്തയാണ്. ഒരു വര്‍ഷം മുമ്പാണ് കണ്ണൂര്‍ നാറാത്ത സ്വദേശി മാനസയും തലശേരി മേലൂര്‍ സ്വദേശി രാഖിലും തമ്മില്‍ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ എല്ലാം തന്നെ രാഖില്‍ അടിപൊളി ചിത്രങ്ങളാണ് പങ്കുവച്ചത്. ബംഗളൂരില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി സ്വന്തമായി ബിസ്‌നസ് ചെയ്യുന്ന ചെറുപ്പക്കാരന്‍ എന്ന നിലയിലാണ് രാഖിലിന്റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

ഇതോടെയാണ് രാഖിലും ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ മാനസയും തമ്മില്‍ അടുക്കുന്നത്. പിന്നീട് ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം വര്‍ദ്ധിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ ബന്ധത്തില്‍ കലഹങ്ങളുണ്ടായി. രാഖിലിന് കാര്യമായ ജോലിയോ വരുമാനമോ ഇല്ലെന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്ന പോലെയല്ല ജീവിതമെന്നും മാനസ തിരിച്ചറിഞ്ഞു. ഇതോടെ ഈ ബന്ധത്തിന് ഉലച്ചല്‍ തട്ടി.

ഒടുവില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പിരിയാമെന്ന നിലപാടിലേക്ക് രാഖില്‍ എത്തുകയായിരുന്നു. എന്നാല്‍ രാഖിലിന് അക്കാര്യം ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഇനി കാണരുതെന്നും വിളിക്കരുതെന്നും മാനസ തീര്‍പ്പിച്ച് പറഞ്ഞു. ഈ ബന്ധക്കെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം തന്നെ സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. മാനസയോടൊപ്പം കൂട്ടുകാരികള്‍ രാഖിലിനെ കണ്ടിട്ടുമുണ്ട്.

മാനസ വിളിച്ചാല്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ രാഖില്‍ കൂട്ടുകാരികളെയാണ് വിളിക്കുക. ഇനി തന്നെ വിളിക്കരുതെന്ന് രാഖിലിനോട് മാനസ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ മാനസയെ പിരിയാനാവില്ലെന്ന് രാഖില്‍ പറയുമായിരുന്നു. പല തവണ വിളിക്കുമ്പോള്‍ എല്ലാം മാനസ ഫോണ്‍ എടുക്കാറില്ലായിരുന്നു. കട്ട് ചെയ്താലും രാഖില്‍ നിര്‍ത്താതെ വിളിക്കും.

ഒടുവില്‍ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് മാനസ എല്ലാ കാര്യങ്ങളും വീട്ടുകാരെ വിളിച്ച് അറിയിച്ചത്. എറണാകുളത്ത് നിന്നും നാട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാഖിലിന്റെ ശല്യം ഭീഷണിയുടെ രൂപത്തിലായതോടെയാണ് മാനസ പിതാവിനോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. സിആര്‍പിഎഫില്‍ നിന്നും വിരമിച്ച പിതാവ് ഇപ്പോള്‍ കേരള പൊലീസില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുകയാണ്.

ഇക്കാര്യം ഉദ്യോഗസ്ഥനോട് പറഞ്ഞ് പരാതി നല്‍കാതെ എസ്പിയുടെ ശ്രദ്ധയില്‍ വരുത്തി. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ രാഖിലിന്റെ മാതാപിതാക്കലെ ഉള്‍പ്പടെ വിളിച്ചാണ് ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയത്. എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്. മകളുടെ ഭാവിയെ കുറിച്ച് ഓര്‍ത്താണ് കേസുമായി മുന്നോട്ടുപോകേണ്ടെന്ന് മാധവന്‍ തീരുമാനിച്ചത്. മകളുടെ വിവാഹത്തെയും ജോലിയെയും പഠനത്തെയും എല്ലാം ഇത് ബാധിക്കുമെന്ന് മാധവന്‍ കരുതി. അന്നത്തെ ചര്‍ച്ചയില്‍ ഇനി ശല്യം ചെയ്യില്ലെന്ന രാഗിലിന്റെ ഉറപ്പിലാണ് മാധവനും കുടുംബവും മടങ്ങിയത്.

രാഗിലുമായുള്ള പ്രശ്‌നം സ്വന്തം കുടുംബത്തിലെ മറ്റ് ബന്ധുക്കള്‍ പോലും അറിയിക്കാതെയാണ് പിതാവ് മാധവന്‍ അന്നത്തെ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. മാനസയുടെ ഒരു അമ്മാവനാണ് ഈ പ്രശ്‌നത്തെ കുറിച്ച് അറിയാവുന്ന വീടിന് പുറത്തുള്ള ഒരാള്‍. മാനസയുടെ മരണ വാര്‍ത്ത കേട്ടതിന്റെ നടുക്കം മാറാതെയാണ് കുടുംബവും നാട്ടുകാരും.

ആദ്യ പ്രണയം തകര്‍ന്നപ്പോള്‍ മാനസയുമായി അടുത്തു; വിദേശത്ത് പോകാനും പദ്ധതി
മാനസയെ രഖില്‍ പരിചയപ്പെട്ടത് മറ്റൊരു പ്രണയ ബന്ധം തകര്‍ന്ന ശേഷമാണെന്ന് രഖിലിന്റെ സഹോദര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. മാനസ തള്ളിപറഞ്ഞതോടെ രഖില്‍ കടുത്ത വിഷമത്തിലായിരുന്നു. കുറച്ച് ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ലെന്നും സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. മാനസയുമായുള്ള ബന്ധം തകര്‍ന്നതോടെ വിദേശത്ത് ജോലിക്കായുള്ള ശ്രമം രാഖില്‍ നടത്തിയിരുന്നു. ഇതിനായി വിസ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ലഭിച്ചെന്നാണ് വിവരം. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ യാത്ര മുടങ്ങുകയായിരുന്നു. ഗള്‍ഫില്‍ നല്ലൊരു ജോലി നേടി സാമ്പത്തികമായി നല്ല നിലയിലായാല്‍ മാനസ തിരിച്ചുവരുമെന്നായിരുന്നു രാഖില്‍ പ്രതീക്ഷിച്ചത്.

മാനസയുമായി പിരിഞ്ഞെങ്കിലും തനിക്ക് മാനസികമായി ബുദ്ധിമുട്ടില്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രാഖില്‍ ശ്രമിച്ചിരുന്നത്രേ. ഇതിനിടയില്‍ മറ്റൊരു വിവാഹത്തിന് തയ്യാറാണെന്ന് രഖില്‍ വീട്ടുകാരെ അറിയിച്ചിരുന്നതായി അയല്‍വാസി പറയുന്നു. കല്യാണം ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് വിവാഹ സൈറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, നാളെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയിലാണ് മാനസയുടെ മൃതദേഹം ഇന്ന് രാത്രി സൂക്ഷിക്കുക. ഞായറാഴ്ച രാവിലെ 7 മണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്തിലെ വീട്ടിലേക്ക് കൊണ്ട് പോകും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും.
രാഖിലിന്റെ മൃതദേഹം ഇന്ന് രാത്രി തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കും. നാളെ രാവിലെ പിണറായിയിലെ ശ്മശാനത്തില്‍ ആണ് രാഖിലിന്റെ സംസ്‌ക്കാരം നടക്കുക.












Click it and Unblock the Notifications