രാമായണ പോസ്റ്റ് വിവാദം: പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് പരസ്യശാസന
തൃശ്ശൂര്‍: രാമായണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉയർന്ന വിവാദത്തിൽ പി ബാലചന്ദ്രന്‍ എം എല്‍ എയ്ക്കെതിരെ അച്ചടക്ക നടപടി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നും എം എൽ എയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായും പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗം അറിയിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ പ്രവര്‍ത്തനമുണ്ടായെന്നാണ് അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. യോഗത്തിൽ വി എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവരും ജില്ലാ സെക്രട്ടറി കെ കെ. വത്സരാജും പങ്കെടുത്തു.

വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി പി ഐ എന്നും ഫേയ്‌സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി ഖേദപ്രകടനം നടത്തിയിരുന്നതായും പി ബാലചന്ദ്രൻ പ്രതികരിച്ചു.
രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്‌മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്‌റ്റായിരുന്നു വിവാദമായത്. 'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങൾ.
പോസ്റ്റിൽ നിരവധി പേരാണ് എം എൽ എയ്ക്കെതിരെ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്‌റ്റ് പിൻവലിച്ചിരുന്നു. പിന്നാലെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications