അത് കോടതിയുടെ അധികാരം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്ന് രമേശ് ചെന്നിത്തല
കൊച്ചി: വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം എന്ന് രമേശ് ചെന്നിത്തല. വിജിലന്‍സ് മാന്വലിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഇടപെടുകയാണ് ചെയ്തിരിക്കുന്നത്. സ്വന്തക്കാരനായ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
വിജിലന്‍സും വിജിലസ് ചുമതലയുള്ള മന്ത്രിയും മാന്വല്‍ പ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് വിജിലന്‍സ് കോടതിയിലാണ്. കേസുകളില്‍ ഇടപെടാന്‍ വകുപ്പ് മന്ത്രിക്ക് പറ്റില്ല. ഇതിന് വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: ''വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് ക്ളീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ വിജിലന്‍സ് കോടതിയുടെ നിശിത വിമര്‍ശനത്തിനിരയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയുന്നതാണ് മര്യാദ.
വിജിലന്‍സ് മാനുവലിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അധികാരമില്ലാതിരിക്കെ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഇടപെട്ട് ആരോപണവിധേയനായ 'സ്വന്തക്കാരനായ'ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
സാധാരണ ഗതിയില്‍ വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് വിജിലന്‍സ് മാനുവല്‍ അനുസരിച്ചാണ്. വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിയും പ്രവര്‍ത്തിക്കേണ്ടത് ഇതേ വിജിലന്‍സ് മാനുവല്‍ അനുസരിച്ചാണ്. ഈ മാനുവല്‍ അനുസരിച്ച് അജിത് കുമാറിനെതിരെയുള്ള കേസ് വിജിലന്‍സ് അന്വേഷിച്ചു കഴിഞ്ഞാല്‍ ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടത് കോടതിയിലാണ്. കോടതി പരിശോധിച്ച ശേഷമാണ് മേല്‍നടപടികള്‍ ഉണ്ടാകേണ്ടത്.
വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിക്ക് അഡ്മിനിസ്ട്രേറ്റിവ് ആയ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ അധികാരമുള്ളു. കേസുകളില്‍ ഇടപെടാന്‍ അധികാരമില്ല. ക്ളീന്‍ ചിറ്റ് നല്‍കാനും അധികാരമില്ല. ഇതിനു കടകവിരുദ്ധമായി അജിത് കുമാറിനെ കുറ്റവിമുക്തനാക്കാനുള്ള ധൃതിയാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയുടെ നോട്ടോടുകൂടിയ ഫയലാണ് വിജിലന്‍സ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ അവതരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ജഡ്ജി അതിശക്തമായി വിമര്‍ശനം നടത്തിയത്.
കോടതി പരാമര്‍ശത്തിന്റെ പേരില്‍ നിരവധി മന്ത്രിമാര്‍ കേരളത്തില്‍ രാജി വെച്ചിട്ടുണ്ട്. വഞ്ചിയൂര്‍ വിജിലന്‍സ് കോടതി നല്‍കിയ അതിനിശിതമായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയുകയാണ് വേണ്ടത്. പുറത്തു നിന്നുള്ള ഏതോ അദൃശ്യശക്തിയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് തുടങ്ങിയ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് അതീവ ഗൗരവത്തോടെ തന്നെ കാണം. ഇവിടെ ആരാണ് പോലീസിനെ നിയന്ത്രിക്കുന്നത്.. മുഖ്യമന്ത്രിയോ അതോ മുഖ്യമന്ത്രിയുടെ ഓഫീസോ അതോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അജിത് കുമാറിനെതിരെയുള്ള പരാതിയില്‍ പരാതിക്കാരനെ പോലും വിളിച്ചു വരുത്തി മൊഴിയെടുത്തില്ല. മറിച്ച് അനുകൂലമായി മൊഴി നല്‍കുന്നവരെ മാത്രം വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് അജിത് കുമാറിന്റെ വിഷയത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നു വ്യക്തം. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താന്‍ പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയത് എന്ന് അജിത് കുമാര്‍ മൊഴിയില്‍ പറയുന്നുണ്ട്. ആര്‍എസ്എസ് നേതാക്കളെ മുഖ്യമന്ത്രിക്കു വേണ്ടി കണ്ട് ചര്‍ച്ച ചെയ്തതും ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയതും ഇതേ അജിത് കുമാര്‍ തന്നെയാണ്.
ഇതൊക്കെ ചെയ്തത് മുഖ്യമന്ത്രിക്കു വേണ്ടിയയാതു കൊണ്ടാകണം അജിത് കുമാറിന് ക്ളീന്‍ ചിറ്റ് നല്‍കാന്‍ തന്റെ അധികാരപരിധിക്കു പുറത്തുള്ള അധികാരം മുഖ്യമന്ത്രി ഉപയോഗിച്ചത്. ക്ളീന്‍ ചിറ്റ് നല്‍കാന്‍ കോടതിക്കു മാത്രമേ അധികാരമുള്ളു എന്നു മനസിലാക്കണം. ഇഷ്ടക്കാരനെ രക്ഷിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തി കോടതിയുടെ കഠിനവിമര്‍ശനത്തിന് ഇരയായ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണം.''












Click it and Unblock the Notifications