വിഡി സതീശന് ലഭിച്ചത് രണ്ട് വോട്ട് മാത്രം; 19 പേരും ചെന്നിത്തലയോടൊപ്പം,തലമുറ മാറ്റമില്ലാതെ കോണ്‍ഗ്രസ്
കൊച്ചി: വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും കെകെ ശൈലജയെ അടക്കം പുറത്ത് നിര്‍ത്തി പുതുമുഖങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ നാളെ അധികാരത്തിലേറാന്‍ പോവുകയാണ്. മത്സരത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തപ്പെട്ട തോമസ് ഐസക്, ജി സുധാകരന്‍, എകെ ബാലന്‍ തുടങ്ങിയവര്‍ക്ക് പുറമെ വിജയിച്ച് വന്ന കെകെ ശൈലജ, എംഎം മണി, എസി മൊയ്തീന്‍ തുടങ്ങിയ പ്രമുഖരെയെല്ലാം ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.
തുടര്‍ഭരണമെന്ന ചരിത്രപരമായ നേട്ടത്തിലും ഇത്തരമൊരു നിര്‍ണ്ണായകമായ തീരുമാനം എടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണമാണ്. എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസിലേക്ക് വരുമ്പോഴോ കനത്ത തോല്‍വി ഏല്‍ക്കേണ്ടി വന്നിട്ടും അവിടെ കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവും ഇല്ലെന്നതാണ് ശ്രദ്ധേയം.

തലമുറ മാറ്റം
കനത്ത തോല്‍വിക്ക് പിന്നാലെയുള്ള ആദ്യ ദിനങ്ങളില്‍ കോണ്‍ഗ്രസിലും തലമുറ മാറ്റം വേണമെന്ന മുറവിളി ശക്തമായിരുന്നു. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവരെല്ലാം മാറി സമൂലമായ ഒരു അഴിച്ച് പണിക്ക് ഹൈക്കമാന്‍ഡും ലക്ഷ്യമിട്ടു. എന്നാല്‍ ഗ്രൂപ്പ് താല്‍പര്യങ്ങല്‍ വീണ്ടും തലപ്പൊക്കയപ്പോള്‍ എല്ലാം വീണ്ടും തകിടം മറിഞ്ഞു.

ഗ്രൂപ്പ് സമവാക്യങ്ങള്‍
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറണമോയെന്നതില്‍ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ചര്‍ച്ചകള്‍. മികച്ച പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയതെന്നും അദ്ദേഹം മാറേണ്ടതില്ലെന്നുമുള്ള വാദത്തില്‍ ഐ ഗ്രൂപ്പ് ഉറച്ച് നിന്നപ്പോള്‍ അങ്ങനെയെങ്കില്‍ കെപിസിസി പ്രസിഡന്‍റ് പദവി തങ്ങള്‍ക്ക് വിട്ട് തരണം എന്നായി എ ഗ്രൂപ്പ്.

പ്രതിപക്ഷ നേതാവ് ആര്
ഇതിനിടയിലാണ് ഐ ഗ്രൂപ്പില്‍ നിന്ന് തന്നെ വിഡി സതീശന്‍റെ പേര് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും ഉയര്‍ന്ന് വരുന്നത്. ഐ ഗ്രൂപ്പിന് പുറമെ എ ഗ്രൂപ്പില്‍ നിന്നും വിഡി സതീശന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷിക്കപ്പെട്ടു. പാര്‍ട്ടിക്ക് അകത്തും പുറത്തും മികച്ച ജനസമ്മിതിയുള്ള നേതാവ് കൂടിയാണ് വിഡി സതീശന്‍

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍
വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുന്നത് കോണ്‍ഗ്രസ് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ടായി. ഇക്കാര്യം കൂടി മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്.

രണ്ട് വോട്ട് മാത്രം
എന്നാല്‍ പ്രതീക്ഷകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ സമീപനമായിരുന്നു എംഎല്‍എമാരില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് ലഭിച്ചത്. രമേശ് ചെന്നിത്തല തുടരട്ടേയെന്ന തീരുമാനത്തില്‍ ഭൂരിപക്ഷവും ഉറച്ച് നിന്നപ്പോള്‍ സതീശന് രണ്ട് വോട്ടില്‍ ഒതുങ്ങേണ്ടി വന്നു. വിഡി സതീശനെ കൂടാതെ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് മാത്രമാണ് വിഡി സതീശന് വോട്ട് ചെയ്തത്.

19 പേരും
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തന്നെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഹൈക്കമാന്‍റ് പ്രതിനിധികള്‍ക്ക് മുന്നില്‍ കാലുവാരിയ എംഎല്‍എമാരെ വിഡി സതീശന്‍ ഫോണില്‍ വിളിച്ചു അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ് ചെന്നിത്തല തുടരാനാണ് താല്‍പര്യം അറിയിച്ചത്.

എ ഗ്രൂപ്പ്
എ ഗ്രൂപ്പ് അംഗങ്ങള്‍ പോലും രമേശ് ചെന്നിത്തല തുടരട്ടേയെന്ന നിലപാട് സ്വീകരിച്ചതിന് പിന്നില്‍ ഗ്രൂപ്പുകളുടെ കൃത്യമായ ധാരണയുണ്ടെന്നാണ് സൂചന. നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഹൈക്കാമാന്‍റ് പ്രതിനിധികളെ ധരിപ്പിച്ചത്.

എ ഗ്രൂപ്പിന്‍റെ നീക്കം
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുമ്പോള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെ മാറ്റി ആ സ്ഥാനത്ത് എ ഗ്രൂപ്പില്‍ നിന്നും ഒരാള്‍ വരുന്നതിനെ ഐ ഗ്രൂപ്പും അംഗീകരിച്ചേക്കും. കെസി ജോസഫ് ഉള്‍പ്പടേയുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരുടേയും പേര് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് എ ഗ്രൂപ്പ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Recommended Video

ഷാഫി പറമ്പില്‍
യുവ എംഎല്‍എമാരുടെ ഭാഗത്ത് നിന്ന് പോലും വിഡി സതീശന് പിന്തുണ ലഭിക്കാതിരുന്നത് ഞെട്ടിക്കുന്നതാണ്. ക്വാറന്‍റീനില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഹൈക്കമാന്‍റ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്.












Click it and Unblock the Notifications