ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത് 5 മണിക്കൂറോളം; പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്തു
കൊച്ചി: ലഹരി കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്തു. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് പ്രയാഗ എത്തിയത്. ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ സുഹൃത്തുക്കളെ കാണാനാണ് പോയത്. ഓംപ്രകാശിനെ അറിയില്ല. വാര്‍ത്തകള്‍ വന്ന ശേഷമാണ് ഓംപ്രകാശാണെന്ന് അറിഞ്ഞത്. എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയെന്നും നടി പറഞ്ഞു.
"ഹോട്ടലില്‍ പല സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ ഓംപ്രകാശുണ്ടെന്ന് അറിയില്ലായിരുന്നു. പോലീസ് പല കാര്യങ്ങളും ചോദിച്ചു. ഗൂഗിള്‍ ചെയ്ത് നോക്കിയാണ് ഓംപ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നത്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പറ്റില്ലല്ലോ' എന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു.

'പോലീസിന് നല്‍കിയ ഉത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടും പറയാനാവില്ല. വാര്‍ത്താ വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാന്‍ തുടങ്ങിയിട്ട് നിന്നിട്ടില്ലെന്നും' പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് ഭാസി പോലീസിനോട് പറഞ്ഞു.
ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിട്ടുണ്ട്. ഭാസിയെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രയാഗയെ പോലീസ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പോലീസ് സ്‌റ്റേഷനിലെത്തിയത്.
നേരത്തെ ലഹരികടത്ത് കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേരുള്‍പ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്നും, പാര്‍ട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ബിനു ജോസഫാണ് താരങ്ങളെ ഓംപ്രകാശിന് പരിചയപ്പെടുത്തിയത്.
കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓംപ്രകാശുണ്ടായിരുന്ന മുറിയില്‍ താരങ്ങളെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരുടെ എല്ലാം മൊഴിയെടുക്കും. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്.
കൊച്ചി ബോള്‍ഗാട്ടിയില്‍ അലന്‍ വാക്കറുടെ ഡിജെ ഷോയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ചെയ്തിരുന്നത്. ഓംപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications