യോജിപ്പിന് കാരണം മോദി സർക്കാർ നയങ്ങള്‍ക്കെതിരായ അടിസ്ഥാന എതിർപ്പ്: ഐഎൻടിയുസി
കോഴിക്കോട്: സി ഐ ടിയുടെ ഉള്‍പ്പടെ അംഗമായ ദേശീയ ട്രേഡ് യൂണിയന്‍ ഐക്യവുമായി മുന്നോട് പോവാനാണ് സംഘടനയുടെ അഖിലേന്ത്യാ കമ്മറ്റിയുടെ തീരുമാനമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്‍. കൂട്ടായ്മയുടെ കാര്യത്തില്‍ യാതൊരു വിധ ആശങ്കയുടേയും കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാർ പണിമുടക്കിന് എതിരല്ല. അവിടെ പ്രവർത്തിക്കുന്നവരാണ് ജോലിക്കാരായി വരുന്നത്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് വേണ്ടിയുള്ള അവകാശ പോരാട്ടമാണ് ഇത്. അതുകൊണ്ട് തന്നെ അവർ അതിനെ അതിന്റേതായ അർത്ഥത്തില്‍ എടുക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ജോലി ലഭിച്ചതിന് ശേഷം അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി, രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി നടത്തുന്ന സമരമാണിത്. സമരം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എല്ലാ അർത്ഥത്തിലും എല്ലാവരേയും ബാധിക്കുന്നതാണ് അതുകൊണ്ടാണ് സമരവുമായി യോജിച്ച് പോവാന്‍ ഞങ്ങള്‍ തയ്യാറായത്. ബി ജെ പി സർക്കാറിനെതിരായ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസം തന്നെയാണ് എല്ലാവരെയും യോജിപ്പിലെത്തിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്കിനെതിരായ കോടതിയുടെ പരാമർശത്തില്‍ വിധി പകർപ്പ് കിട്ടിക്കഴിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം നമ്മുടെ രാജ്യത്തെ സമസ്ത മേഖലയിലെ തൊഴിലാളികൾക്ക് ജീവിതം ദുസ്സഹമാവുകയും, അവർക്ക് ലഭിച്ചുകൊണ്ടിരുന്ന പരിരക്ഷകൾ എടുത്തു കളയുകയും ചെയ്യുന്നു.കർഷക - തൊഴിലാളി വിരുദ്ധ നയങ്ങളാൽ മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് ഒരു സൂചനയാണ് ഈ പണിമുടക്ക്. സ്ഥിരം തൊഴിൽ എന്നത് അഭ്യസ്തവിദ്യരായ ലക്ഷോപലക്ഷം യുവജനങ്ങൾക്ക് സ്വപ്നമായി അവശേഷിക്കുന്ന സാഹചര്യമൊരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്ന തുല്യമാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ഡീസെന്റ് ജോബ് അജണ്ടയ്ക്കും, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിത മേഖലയിൽ ആക്കണമെന്ന ILO യുടെ പ്രധാനപ്പെട്ട നിർദ്ദേശത്തെയും കാറ്റിൽപറത്തി കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ട് പോകുന്നത്. ഐക്യരാഷ്ട്ര സഭയുടെയും ILO യുടെ നിർദ്ദേശങ്ങൾ അവരുടെ വേദികളിൽ ഡോക്യുമെന്റു കളിൽ ഒപ്പിട്ടുകൊണ്ട് അംഗീകരിക്കുകയും, രാജ്യത്ത് അതിനെതിരായ നിലപാടെടുക്കുകയും ചെയ്യുന്നതുവഴി രാജ്യത്തെ മുഴുവൻ തൊഴിലാളികളെയും വഞ്ചിക്കുകയാണ്. ഭാരതം പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് സ്ഥിരം തൊഴിൽഎന്നത് തൊഴിലാളികളുടെ ന്യായമായ അവകാശമാണ്, അതുവഴി സ്ഥിരപ്പെടുത്തുക എന്നുള്ളത് അവരുടെ മുദ്രാവാക്യമായി മാറുകയും ചെയ്തു.കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ നിലപാട് ഇന്നുവരെ തൊഴിലാളി പ്രസ്ഥാനങ്ങൾ നേടിയെടുത്ത അവകാശങ്ങൾക്കു വിരുദ്ധമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവന്റെ ന്യായമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്.
Fixed term എംപ്ലോയ്മെന്റ് എന്നുപറയുന്നത് നിശ്ചിതസമയത്തേക്കുള്ള തൊഴിലാക്കി മാറ്റിക്കൊണ്ട് പീസ് റേറ്റ് കോൺട്രാക്ടും, ക്യാഷുൽ തൊഴിലാളികളുമാക്കി രാജ്യത്തെ എല്ലാ മേഖലകലിലെയും സംഘടിത മേഖലകളെ അസംഘടിത മേഖല ആക്കിമാറ്റുന്ന ആശങ്കാകുലമായ നിമിഷങ്ങൾ സംഭാവന ചെയ്യാനാണ് നരേന്ദ്ര മോദി ഗവൺമെന്റ് ശ്രമിക്കുന്നത്.ലാഭമുണ്ടാക്കുന്ന പൊതു മേഖലകളെ എത്രയും പെട്ടന്ന് വിൽക്കുവാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കം സഹിക്കാവുന്നതല്ല.
നാഷണൽ ഹൈവേകളും പൈപ്പ് ലൈനുകളും, മുൻകാല ഗവൺമെന്റുകൾ സ്വാതന്ത്ര്യ ഭാരതത്തിൽ പടുത്തുയർത്തിയത് മുഴുവൻ വാടകയ്ക്ക് കൊടുത്തുകൊണ്ട് ധനസമാഹരണം നടത്തുവാനുള്ള പുതിയ നയം കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരികയാണെന്നും ആർ ചന്ദ്രശേഖർ അഭിപ്പായപ്പെട്ടു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 25,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയത്.
ഓരോ മേഖലയിലെയും തൊഴിലാളികളെയും, അവരുടെ ജീവിതത്തെയും നശിപ്പിച്ചുകൊണ്ടുമാണ് കേന്ദ്ര സർക്കാർ അനുദിനം മുന്നോട്ട് പോകുന്നത്, അവർക്കായ് സാമൂഹിക സുരക്ഷ പദ്ധതിയില്ല, ഒപ്പം തൊഴിലാളികളുടെ ആശങ്കയായ് മാറിയ പെൻഷൻ പദ്ധതിയിലെ നയങ്ങൾ. രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾ പഴയ പെൻസിൽ സമ്പ്രദായത്തിലേക്ക് തിരികെ പോകുമ്പോൾ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾ തൊഴിലാളികളിൽ വലിയ അളവിൽ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications