• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെങ്കോട്ടയുടെ നിറം ചുവപ്പായത് മാത്രമല്ല!മാപ്പർഹിക്കാത്ത പണയപ്പെടുത്തലാണിത്; തുറന്നടിച്ച് എംബി രാജേഷ്

  • By Desk

കോഴിക്കോട്: ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം ഡാൽമിയ ഗ്രൂപ്പിന് കൈമാറിയ നടപടിയിൽ പ്രതിഷേധം കത്തുന്നു. ചെങ്കോട്ടയുടെ പരിപാലനം പൂർണ്ണമായും സ്വകാര്യ കോർപ്പറേറ്റ് ഗ്രൂപ്പിന് നൽകിയ നടപടിയെ കോൺഗ്രസും സിപിഎമ്മും ശക്തമായ ഭാഷയിൽ വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തിൽ ചെങ്കോട്ടയുടെ ചരിത്രപ്രാധാന്യം ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു സിപിഎം എംപി എംബി രാജേഷിന്റെ പ്രതിഷേധം.

അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദില്ലിയിലെ ചെങ്കോട്ട 25 കോടി രൂപയ്ക്ക് ഡാൽമിയ ഗ്രൂപ്പിന് കൈമാറിയത്. ഈ പദ്ധതിയിലൂടെ ചെങ്കോട്ട ഏറ്റെടുത്ത ഡാൽമിയ ഗ്രൂപ്പിനായിരിക്കും ഇനിയുള്ള അ‍ഞ്ച് വർഷത്തേക്ക് ചെങ്കോട്ടയുടെ പൂർണ്ണമായ പരിപാലന ചുമതല. ചെങ്കോട്ടയ്ക്ക് പുറമെ താജ്മഹലും ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

എംബി രാജേഷ്...

എംബി രാജേഷ്...

ചെങ്കോട്ടയുടെ പരിപാലനം കോർപ്പറേറ്റ് ഭീമനായ ഡാൽമിയ ഗ്രൂപ്പിന് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് എംബി രാജേഷ് എംപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:- '' ചെങ്കോട്ട ഒരു നെടുങ്കോട്ടയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ അഭിവാഞ്ചയുടെയും മതനിരപേക്ഷമായ ജനകീയ ഐക്യത്തിന്റേയും നെടുങ്കോട്ട. അത് നമ്മുടെ നാടിന്റെ പൈതൃക സ്മാരകവുമാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരെ തോൽപ്പിച്ച ശേഷം ദില്ലിയിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ട ബഹദൂർ ഷാ സഫർ ബ്രിട്ടീഷുകാരിൽ നിന്നുള്ള നാടിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിജ്ഞാപനം വായിച്ചത് ഈ ചെങ്കോട്ടയിൽ നിന്നാണ്. ഝാൻസിയിലെ റാണി ലക്ഷ്മിഭായിയും നാനാ സാഹിബും താൻ തിയാതോപ്പിയുമടക്കമുള്ള 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര നേതാക്കൾ ദില്ലി പിടിച്ചപ്പോൾ ചക്രവർത്തിയായി അവരോധിച്ചത് മുഗൾ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിനെയായിരുന്നു.

 സ്വാതന്ത്ര്യ സമരത്തെ

സ്വാതന്ത്ര്യ സമരത്തെ

മതപരവും വർഗീയവുമായ ചേരിതിരിവുകൾ ആ പോരാളികളെ ഭരിച്ചില്ലെന്നു സാരം. ഒടുവിൽ തിരിച്ചടിച്ച ബ്രിട്ടീഷ് സൈന്യം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തുകയും സമരനേതാക്കളെ പലരെയും വധിക്കുകയും ബഹദൂർ ഷാ സഫറിനെ ഇതേ ചെങ്കോട്ടയിൽ വച്ച് വിചാരണ ചെയ്ത് ബർമ്മയിലേക്ക് നാടുകടത്തുകയും ചെയ്തു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഈ മതനിരപേക്ഷ ജനകീയ ഐക്യമാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തെ ആശ്രയിക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.(തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബംഗാൾ വിഭജനവും സർവ്വേന്ത്യാ മുസ്ലീം ലീഗ് ഹിന്ദുമഹാസഭ, ആർ.എസ്.എസ്. എന്നിവയുടെ രൂപീകരണവും ബ്രിട്ടീഷുകാരുടെ ആശീർവാദത്തോടെ നടന്നു ) ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിന്റെ മഹാദുർഗ്ഗമായിരുന്ന ചെങ്കോട്ടയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് ജനങ്ങൾ അന്യവത്ക്കരിക്കപ്പെടുകയാണ്.

 മുദ്രാവാക്യം ഇതാണ്

മുദ്രാവാക്യം ഇതാണ്

ഇതേ ചെങ്കോട്ടയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്വല അധ്യായമായ ഐ.എൻ.എ ഭടന്മാരുടെ വിചാരണ നടക്കുന്നത്. അവർ മൂന്നു പേരായിരുന്നു.പ്രേം കുമാർ സൈഗാൾ, ഗുരു ബക്ഷ്സിംഗ് ധില്ലൻ, ഷാനവാസ് ഖാൻ. മതനിരപേക്ഷ ജനകീയ ഐക്യത്തിന്റെ മറ്റൊരു ഉജ്വല പ്രതീകം! 1945 ലെ തണുപ്പ് കാലത്ത് ചെങ്കോട്ടയിലെ കൽതുറുങ്കിലടക്കപ്പെട്ട ഇവരെ കാണാൻ ഗാന്ധിജിയെത്തി. ഗാന്ധിജിയോട് അവർക്കുണ്ടായിരുന്ന പരാതി ഇതായിരുന്നു."ഐ.എൻ.എ.യിൽ മതഭേദമില്ലാതെ സ്വാതന്ത്ര്യത്തിന്പൊരുതിയ തങ്ങൾക്ക് ജയിലിൽ ബ്രിട്ടീഷുകാർ ഹിന്ദു ചായയും മുസ്ലിം ചായയും പ്രത്യേകമായി നൽകുന്നു. ഭിന്നിപ്പിക്കാനുള്ള കുടിലതയെ ഞങ്ങൾ ചെറുക്കുന്നത് മൂന്ന് ഗ്ലാസിൽ പ്രത്യേകമായി നൽകുന്ന ചായ കൂട്ടിചേർത്ത് വീണ്ടും മൂന്നായി പങ്ക് വച്ചു കുടിച്ചാണ് " ഗാന്ധിജി അവരെ അഭിനന്ദിച്ചാണ് മടങ്ങിയത്. അക്കാലത്ത് ഇന്ത്യയിലാകെ പതിനായിരങ്ങൾ തെരുവിലുയർത്തിയ മുദ്രാവാക്യം ഇതാണ്.

" ലാൽ കിലേ സേ ആയേ ആവാസ്

സൈഗാൾ ധില്ലൻ ഷാനവാസ് "

സ്വാതന്ത്ര്യ പോരാളികളുടെ ചോരക്ക് തീപിടിപ്പിച്ച മുദ്രാവാക്യം.

 ചുവപ്പായത് മാത്രമല്ല

ചുവപ്പായത് മാത്രമല്ല

ചെങ്കോട്ടയുടെ നിറം ചുവപ്പായത് മാത്രമല്ല, ജനകീയ ഐക്യത്തിന്റെ മഹാപ്രതീകമെന്ന അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഭിന്നിപ്പിക്കലിന്റെ കുടില തന്ത്രങ്ങൾ ഇന്നും പ്രയോഗിക്കുന്നവർക്ക് അലോസരമാകുമെന്നുറപ്പ്. എല്ലാ സ്വാതന്ത്ര്യ പുലരിയിലും പ്രധാന മന്ത്രിമാർ ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ട പോലും 'സംരക്ഷിക്കാൻ കോർപ്പറേറ്റ് സഹായം തേടുന്ന ' കേന്ദ്ര ഭരണാധികാരികൾ എങ്ങനെ ഇന്ത്യയെ രക്ഷിക്കും? 25 കോടിക്ക് ഡാൽമിയ ചെങ്കോട്ട കൈവശപ്പെടുത്തുമ്പോൾ നാടിന്റെ അഭിമാനവും പൈതൃകവും വിറ്റ് എത്ര ശതം കോടികൾ കൊള്ളലാഭമുണ്ടാക്കുമെന്ന് അറിയുക. അടുത്ത സ്വാതന്ത്ര്യ പുലരി മുതൽ ചെങ്കോട്ടയിൽ ദേശീയ പതാക കോർപ്പറേറ്റ് തണലിൽ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിർക്കേണ്ട മാപ്പർഹിക്കാത്തൊരു പണയപ്പെടുത്തലാണിത്.''

ചരിത്രസ്മാരകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് മോദി സര്‍ക്കാര്‍... ചെങ്കോട്ട ഇനി ഡാല്‍മിയ ഗ്രൂപ്പിന്

ചൈനയിലെത്തിയ മോദിക്ക് പരിഭാഷകനായത് മലയാളി! മധുസൂദനനെ പരിചയപ്പെടുത്തി കളക്ടർ ബ്രോ...

English summary
redfort adopted by dalmia group; facebook post of mb rajesh mp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more