നിപയിൽ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, ചികിത്സയിൽ കഴിയുന്നത് എട്ട് പേർ
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ബാധയിൽ ആശ്വാസ കണക്കുകളുമായി ആരോഗ്യമന്ത്രി. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി 7 പേരാണ് ആശുപത്രികളിൽ അഡ്‌മിറ്റ് ആയതെന്നും ആകെ 8 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും മന്ത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്‌ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിപ ബാധയെ തുടർന്ന് കൗമാരക്കാരൻ മരണപ്പെട്ടതിന് പിന്നാലെ വീണ്ടും സംസ്ഥാനത്ത് നിപ ഭീതി ഉയർന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണ് മലപ്പുറം സ്വദേശിയായ പതിനാലുകാരൻ മരണപ്പെട്ടത്.
അതിനിടെ, പൂനെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഡോ.ആർ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘം സംഭവ സ്ഥലത്തെത്തി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. നിലവിൽ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുതെന്നും തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം, കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തിൽ പുരോഗതിയില്ലെന്നാണ് ഡോക്‌ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആശങ്കയായി തുടരുകയാണ്.
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്‌ചയോടെ മാത്രമേ ലഭിക്കൂ.നേരത്തെ കോഴിക്കോട് തിക്കോടി സ്വദേശിയായ പതിനാലുകാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.












Click it and Unblock the Notifications