എറണാകുളം നോർത്ത് റെയ്ൽവെ സ്റ്റേഷൻ മുഖം മിനുക്കുന്നു
കൊച്ചി: എറണാകുളം നോർത്ത് റെയ്ൽവെ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടിയെടുത്തതായി റെയ്ൽവെ. പ്ലാറ്റ്ഫോമുകളിലെ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ പരിഗണനയിലാണെന്ന് സ്റ്റേഷൻ മാനെജർ ബിജു അറിയിച്ചു. ദിവസവും 25,000 ഓളം യാത്രക്കാർ എത്തുന്ന ടൗൺ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നു.
ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ ഇരിപ്പിടങ്ങളുടെ എണ്ണം വർധിപ്പിക്കും. ഇതിനായി ലിസി, ആസ്റ്റർ മെഡിസിറ്റി ഉൾപ്പെടെ ആശുപത്രികളെയും സന്നദ്ധ സംഘടനകളെയും സ്പോൺസർഷിപ്പിനായി സമീപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ അനുകൂലമായിട്ടാണു പ്രതികരിച്ചത്. ആദ്യഘട്ടത്തിൽ 1000 പേർക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തും. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് പ്ലാറ്റ്ഫോമിന് വീതിക്കുറവുണ്ട്. ഇവിടെ വീതി കൂട്ടുന്നതിന് ഇഎസ്ഐയുടെയും സ്വകാര്യവ്യക്തികളുടെയും സ്ഥലം വിട്ടുകിട്ടണം.

സംസ്ഥാന സർക്കാർ ഇടപെട്ടാണ് ഇതിനു നടപടിയെടുക്കേണ്ടത്. ഈ ആവശ്യം റെയ്ൽവെ ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഈ ഭാഗത്തു 200 മീറ്റർ നീളത്തിൽ ഫൈബർ മേൽക്കൂര സ്ഥാപിക്കാൻ നടപടി തുടങ്ങി. രണ്ടു പ്ലാറ്റ്ഫോമുകളിലും ശേഷിക്കുന്ന ഭാഗങ്ങളിൽ അഞ്ചു കോടി രൂപ ചെലവാക്കിയാണ് മേൽക്കൂര പാകുന്നത്. വീതികുറവുള്ളിടത്ത് അര മതിലിനോടു ചേർന്ന് ഇരിപ്പിടങ്ങൾ നിർമിക്കും.
മൂന്നു ശുചിമുറികളും നാലു കുളിമുറികളും
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ശുചിമുറികളില്ലാത്തതിനാൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാൻ പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തു മൂന്നു ശുചിമുറികളും നാലു കുളിമുറികളും സ്ഥാപിക്കും. വടക്കേയറ്റത്തു രണ്ടു വീതം ശുചിമുറികളും കുളിമുറികളും നിർമിക്കും. ഇവ പേ ആൻഡ് യൂസ് വ്യവസ്ഥയിൽ പ്രവർത്തിപ്പിക്കും. നിർമാണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും തുക ലഭ്യമാക്കാൻ ശ്രമം തുടങ്ങി. പ്ലാറ്റ്ഫോമുകളിലെ ജലവിതരണം മുടങ്ങാതിരിക്കാൻ ജല അതോറിറ്റിയുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിക്കും. സ്റ്റേഷൻ വളപ്പിലെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിനു നിറത്തിലും രുചിയിലും വ്യത്യാസമുള്ളതായി പരാതി കിട്ടിയിട്ടുണ്ട്. ഇതു പരിഹരിക്കാൻ ഫിൽറ്ററിങ് സംവിധാനം കാര്യക്ഷമമാക്കും.
ഇൻഫർമേഷൻ സെന്ററും റിസർവേഷൻ സെന്ററും മാറ്റി സ്ഥാപിക്കും
ബുക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നിടത്തേക്ക് ഇൻഫർമേഷൻ സെന്ററും റിസർവേഷൻ സെന്ററും മാറ്റി സ്ഥാപിക്കും. ബുക്കിങ് സെന്ററിൽ ഒൻപതു കൗണ്ടറുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം മാത്രമാണു പ്രവർത്തിക്കുന്നത്. മൂന്നു കൗണ്ടറുകൾ റിസർവേഷൻ സെന്ററിന് അനുവദിക്കും. ഒരു കൗണ്ടർ ഇൻഫർമേഷൻ സെന്ററിന് നൽകും. നിരീക്ഷണ ക്യാമറകൾ മൂന്നു മാസത്തിനുള്ളിൽ സ്ഥാപിക്കും. നിർഭയ പദ്ധതിയിലുൾപ്പെടുത്തി ഇതിനു പണം അനുവദിച്ചിട്ടുണ്ട്. മോണിറ്ററിങ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഭാഗങ്ങളും നിശ്ചയിച്ചിട്ടുണ്ട്.












Click it and Unblock the Notifications