കൂണു പോലെ റിസോര്‍ട്ടുകള്‍; ആവര്‍ത്തിക്കുന്ന അപകടങ്ങള്‍; വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ചു
കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശിനി നിഷ്മ (25) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് ദാരുണമായ അപകടമുണ്ടായത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടിനുള്ളിലെ ടെന്റാണ് തകര്‍ന്നത്.
മരത്തടികള്‍ കൊണ്ടാണ് ടെന്റ് നിര്‍മിച്ചിട്ടുള്ളത്. മേല്‍ക്കൂരയില്‍ പുല്ലാണ് മേഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് നല്ല മഴ പെയ്തിരുന്നു. മഴ നനഞ്ഞ് പുല്ലു കൊണ്ടുള്ള മേല്‍ക്കൂരയ്ക്ക് ഭാരം വര്‍ധിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റിസോര്‍ട്ടിന് ലൈസന്‍സ് ഉള്‍പ്പെടെ ഉണ്ടോയെന്ന് അന്വേഷിക്കും.

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. പ്രദേശത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ടെന്റ് നിര്‍മിച്ചിട്ടുള്ള മരത്തടികള്‍ ദ്രവിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മരണപ്പെട്ട നിഷിമ ഉള്‍പ്പെടെ 16 അംഗ സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്. കനത്ത മഴയിലാണ് ടെന്റ് തകര്‍ന്നു വീണതെന്നാണ് വിവരം. മൂന്ന് പെണ്‍കുട്ടികള്‍ ടെന്റില്‍ ഉണ്ടായിരുന്നുവെന്ന് റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. അതില്‍ രണ്ടു പെണ്‍കുട്ടികളെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിസോര്‍ട്ട് നടത്തിപ്പിന് ആവശ്യമായ അനുമതികള്‍ ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ അവകാശപ്പെടുന്നത്.
കുട്ടികളുടെ അവധിക്കാലം ആയതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് വയനാട്ടില്‍ എത്തുന്നത്. തമിഴ്നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് ഒഴുകാറുണ്ട്.
കഴിഞ്ഞ വര്‍ഷം നിരവധി പേരുടെ ജീവനെടുത്ത ഉരുള്‍ പൊട്ടലിനെതുടര്‍ന്ന് ഇവിടുത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിച്ചിരുന്നു. അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് വിനോദ സഞ്ചാരിയുടെ ജീവനെടുത്തത്.
നിലവാരമുള്ള സാമഗ്രികള്‍ കൊണ്ട് ടെന്റുകള്‍ നിര്‍മിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണം. തട്ടിക്കൂട്ടിയുള്ള നിര്‍മാണങ്ങളാണ് കൂടുതലും റിസോര്‍ട്ടുകളിലുള്ളത്. ഇതുകൂടാതെ നിരവധി റിസോര്‍ട്ടുകള്‍ അനുദിനം വയനാട്ടില്‍ ഉയരുന്നുമുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് വലിയ നിരക്ക് ഈടാക്കി സഞ്ചാരികളെ താമസിപ്പിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വേളയില്‍ തന്നെ സുരക്ഷാ വീഴ്ച്ച വീഴ്ച്ച മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
2021-ല്‍ വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് യാതൊരു സുരക്ഷാ സൗകര്യങ്ങളുമില്ലാത്ത ടെന്റിലാണ് യുവതിയടങ്ങുന്ന സംഘത്തെ താമസിപ്പിച്ചിരുന്നത്. മേപ്പാടിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് അന്ന് ദാരുണ സംഭവം ഉണ്ടായത്. ടെന്റിനു പുറത്തിറങ്ങിയപ്പോള്‍ കാട്ടാന പിന്നാലെയെത്തി യുവതിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. ഉള്‍വനത്തോടു ചേര്‍ന്നായിരുന്നു ടെന്റ് സ്ഥാപിച്ചിരുന്നത്. റിസോര്‍ട്ടിന്റെ നാലു വശവും വനമാണ്. അന്ന് അടിയന്തര ചികിത്സ നല്‍കാന്‍ പോലും ബുദ്ധിമുട്ടി. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴുണ്ടായ അപകടം.
റിസോര്‍ട്ടുകളില്‍ അപകടം ഉണ്ടാകുമ്പോഴുള്ള സുരക്ഷാ പരിശോധനയല്ലാതെ കൃത്യമായ ഇഖടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്താത്തതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കോവിഡും പ്രകൃതി ദുരന്തങ്ങളും വയനാട്ടിലെ വിനോദ സഞ്ചാര മേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. അതിനു പുറമേയാണ് അധികൃതരുടെ അനാസ്ഥ മൂലമുള്ള ഇത്തരം അപകടങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നത്.












Click it and Unblock the Notifications