'പുണ്യാളനെന്ന് ഉമ്മൻചാണ്ടിയെ പരിഹസിച്ചു, വാവിട്ട വാക്ക് തിരുത്തണം', അരുൺ കുമാറിന് വിമർശനം, പിന്നാലെ മറുപടി
വിഎസ് അച്യുതാനന്ദന് നൽകിയത് പോലൊരു യാത്രയയപ്പ് സമീപകാലത്ത് വിടപറഞ്ഞ് പോയ ഒരു നേതാവിനും കേരളം നൽകിയിട്ടില്ലെന്ന് പറയേണ്ടി വരും. വിഎസിന്റെ വിലാപയാത്രയാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞത്. അക്കൂട്ടത്തിൽ തുടർച്ചയായി 55 മണിക്കൂർ, ഇടവേളകളില്ലാതെ ലൈവ് സംപ്രേഷണം നടത്തുകയായിരുന്നു റിപ്പോർട്ടർ ടിവി.
ചാനലിനേയും അവതാരകനായ ഡോ. അരുൺ കുമാറിനേയും ഇടത് അനുഭാവികളും വിഎസ്സിനെ സ്നേഹിക്കുന്നവരും അഭിനന്ദിക്കുന്നു. എന്നാൽ വിലാപയാത്രയുടെ റിപ്പോർട്ടിംഗിനിടെ അരുൺ കുമാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് അണികളും നേതാക്കളും അടക്കം ഉന്നയിക്കുന്നത്. പിസി വിഷ്ണുനാഥ്, വിടി ബൽറാം അടക്കമുളളവർ അരുൺ കുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പിന്നാലെ വിമർശനങ്ങൾക്ക് ഡോ. അരുൺ കുമാറിന്റെ മറുപടിയും എത്തി. വിഎസും ഉമ്മൻചാണ്ടിയും ജനഹൃദയത്തിലാണ്. മരണം കൊണ്ട് ആരും വിശുദ്ധരാവുകയോ പാപികളാവുകയോ ചെയ്യുന്നില്ല. 55 മണിക്കൂർ വിഎസ്സിനെ ഓർമ്മിക്കുന്നത് ഒരു തെറ്റാണെങ്കിൽ ആ തെറ്റ് ഏറ്റെടുക്കാൻ തയ്യാറാണെന്നും അരുൺകുമാർ പറഞ്ഞു.

പിസി വിഷ്ണുനാഥ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഡോ. അരുൺകുമാർ, സമീപകാലത്ത് കേരളം കണ്ട വലിയ വിലാപയാത്രകളാണ് ഉമ്മൻചാണ്ടിയുടേതും വി.എസിൻ്റെയും. കക്ഷി രാഷ്ട്രീയ ഭേദമന്യേ അവരെ സ്നേഹിക്കുന്ന ജനസഞ്ചയം ഒഴുകി പടരുകയായിരുന്നു. രണ്ടും രണ്ടു ശൈലി സ്വീകരിച്ച ജന നേതാക്കളാണ്; രണ്ടു രീതിയിൽ ജനങ്ങളുമായ് ഇടപെട്ട ഭരണാധികാരികളാണ്. ഒരു താരതമ്യത്തിന് പോലും മുതിരുന്നത് ശരിയല്ല.
വി.എസിൻ്റെ വിലാപയാത്ര റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ, പുതുപ്പള്ളി വലിയ പള്ളിയിൽ നിത്യനിദ്രയിൽ കഴിയുന്ന ഉമ്മൻചാണ്ടിയെന്ന വലിയ നേതാവിനെ താങ്കൾ പരോക്ഷമായ് പരാമർശിച്ചത് ശ്രദ്ധയിൽപ്പെട്ടു. അവിവേകവും അനുചിതവുമായ പരാമർശം എന്ന് ഒറ്റ വാക്കിൽ പറയാം. 152 കിലോമീറ്റർ പിന്നിടാൻ 28 മണിക്കൂർ എടുത്ത ആ വിലാപയാത്രയിൽ ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ദേഹത്തിനരികെ ഞാനുമുണ്ടായിരുന്നു; ജനക്കൂട്ടം ഏതുതരത്തിലാണ് ഇടപെടുന്നതെന്ന് അനുഭവിച്ചറിഞ്ഞതാണ്; ആ ജനക്കൂട്ടത്തിന്റെ വൈകാരിക പ്രകടനങ്ങൾ, സ്നേഹാദരം അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷവും തുടർന്നു.
കല്ലറയിൽ മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും കത്തുകൾ എഴുതിയും ആയിരങ്ങൾ പിന്നെയും പിന്നെയും അവിടെ വന്നത് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല; അവരുടെ മനസ്സിൽ ആ മനുഷ്യന് വലിയൊരു ഇടമുണ്ട്. അതിനെയാണ് പുണ്യാളൻ എന്നുപറഞ്ഞ് നിങ്ങൾ പരിഹസിച്ചത്. മനസ്സാക്ഷിയുള്ള മനുഷ്യരുടെ വൈകാരിക പ്രകടനങ്ങളെയാണ് 'മെഴുകുതിരി കത്തിക്കൽ' എന്ന് കളിയാക്കിയത്. മരിച്ചു പോയവരോട് നമ്മുടെ ഉള്ളിലുള്ള സ്നേഹാദരവുകൾ ഏതു വിധത്തിൽ വേണമെങ്കിലും പ്രകടിപ്പിക്കാം. അഭിവാദ്യമർപ്പിച്ചും സിന്ദൂരമാലകൾ ചാർത്തിയും വാടാ മലരുകൾ തൂകിയും ദീപങ്ങൾ തെളിയിച്ചും എങ്ങനെയും... അതിൽ ഒന്നുമാത്രം ശരിയാകുന്നതും മറ്റേത് തെറ്റാകുന്നതും എങ്ങനെയാണ് മിസ്റ്റർ അരുൺകുമാർ ?
" ഇല്ല ഇല്ല മരിക്കുന്നില്ല" - എന്ന് നേതാക്കൾ മരിച്ചാൽ മുദ്രാവാക്യം മുഴക്കുന്നത് ജനങ്ങളുടെ മനസ്സിൽ അവർ കർമ്മം കൊണ്ടും ആശയം കൊണ്ടും വീണ്ടും വീണ്ടും ജീവിക്കുന്നതിനാലാണ്. ജനനായകർ സഞ്ചരിച്ച പാതയിലൂടെ തന്നെയാണ് അവരുടെ ചിരസ്മരണകളും പൂവിടർത്തുന്നത്. മുഷ്ടിചുരുട്ടി പ്രത്യഭിവാദ്യം ചെയ്യുന്ന വി. എസിനെ ഓർക്കുന്ന ജനം, കൈകൂപ്പി മന്ദഹാസം പൊഴിക്കുന്ന ഉമ്മൻചാണ്ടിയെയാവും ഓർക്കുക. ഒന്ന് തെറ്റും മറ്റേത് ശരിയും ആവില്ല. രണ്ടും രണ്ടുതരം ശരികളാണ്. രണ്ടുതരം ഓർമ്മകളാണ്; രണ്ടുതരം അനുഭവങ്ങളാണ്. ഒരു വശത്തേക്ക് മാത്രം തുറന്ന ജാലക വാതിലിലൂടെ കാഴ്ചകൾ കണ്ടാൽ ലോകം കാണാൻ ആവില്ലെന്ന് അരുൺ കുമാർ തിരിച്ചറിയണം; വാവിട്ട വാക്ക് തിരുത്തണം.
കെഎസ് ശബരീനാഥന്റെ കുറിപ്പ്: '' മെഴുകുതിരികളും മുദ്രാവാക്യങ്ങളും - ഡോ:അരുണിന് ഒരു തുറന്ന കത്ത്. ബുദ്ധിജീവികൾ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ പൊള്ളത്തരമാണ് ഇന്നലെ ഡോ: അരുൺകുമാറിന്റെ റിപ്പോർട്ടിങ്ങിന്റെ ഒരു ശകലത്തിൽ ഞാൻ കേട്ടത്. ആദ്യമേ തന്നെ ഉമ്മൻ ചാണ്ടി സാറിന്റെ അന്ത്യയാത്രയും വിഎസ്സിന്റെ അന്ത്യയാത്രയും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. ഒരിടത്തു പ്രാർഥനയോടെ ആളുകളുടെ മിഴിനിറഞ്ഞെങ്കിൽ മറ്റൊരിടത്തു നിറകണ്ണുകളോടെ മുഷ്ഠിചുരുട്ടി അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. കേരളത്തിൽ രാഷ്ട്രീയരംഗത്തുള്ള അതികായർക്ക് ജനം നൽകുന്ന സ്നേഹമാണ് അതിൽനിന്ന് ഉൾക്കൊള്ളേണ്ടത്.
അരുണിന്റെ താരതമ്യം ഇങ്ങനെയാണ് "മെഴുകുതിരികൽ കത്തിച്ചു ആരും അത്ഭുതങ്ങൾക്ക് വേണ്ടി പ്രാർത്ഥന നടത്തില്ല, ഭക്തജനപ്രവാഹം എന്ന് സമുദായപത്രങ്ങൾ വെണ്ടക്ക നിരത്തുകയില്ല". ഈ ശുദ്ധ അസംബന്ധം പറഞ്ഞ വ്യക്തിയുടെ മനസ്സിന്റെ ഇരുട്ട് ഇവിടെ വ്യക്‌തമാണ്. മെഴുകുതിരി കത്തിക്കുന്നവർ മോശക്കാർ, താൻ ഒഴികെയുള്ള മാധ്യമങ്ങൾ എല്ലാം മോശക്കാർ!
അങ്ങേയുടെ അറിവിലേക്കായി, ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല,സർവ്വമതസ്ഥരുമുണ്ട്. ഞാനും മെഴുകുതിരി കത്തിച്ചിട്ടുണ്ട്, കഴിഞ്ഞ ദിവസം പോയപ്പോഴും അനേകം അന്യമതക്കാർ പുതുപ്പള്ളി പള്ളിയിൽ മെഴുകുതിരി കത്തിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. പിന്നെ മെഴുകുതിരി കത്തിക്കുന്നവർ എന്തോ ബുദ്ധി കുറഞ്ഞവർ ആണെന്ന് തോന്നുന്നെങ്കിൽ അതു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നവരുണ്ട്.
അതോടൊപ്പം ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് വെണ്ടക്ക നിരത്തിയതിൽ മാതൃഭൂമിയും കേരളകൗമുദിയും മാധ്യമവും വീക്ഷണവും പിന്നെ നിങ്ങളുടെ പോലെ ധാരാളം മതമില്ലാത്ത ചാനലുകൾ ഉണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളുടെ ഒരു പ്രശ്നമിതാണ് -നിങ്ങൾക്ക് മനസിലാകാത്തത് എല്ലാം മോശം, അതു ചെയ്യുന്നവർ എല്ലാം പിന്തിരിപ്പൻമാർ. അരുൺ ഡോക്ടറെ, ഇത്തരത്തിലുള്ള വിചാരവും ഒരു തീവ്രസവർണതയാണ്. രാവിലെയും വൈകിട്ടും ചാനലിൽ ചായകുടിച്ചുകഴിഞ്ഞുള്ള ഇടനേരത്ത് ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക''.
വിടി ബൽറാമിന്റെ കുറിപ്പ്: '' മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും ഓരോ രീതികളായിരിക്കും. ചിലർ മുഷ്ടി ചുരുട്ടും, ചിലർ മുദ്രാവാക്യം വിളിക്കും, ചിലർ പൂക്കളർപ്പിക്കും, ചിലർ മെഴുകുതിരി കത്തിക്കും, ചിലർ മൗനമായി നിൽക്കും, ചിലർ നോമ്പ് നോൽക്കും, ചിലർ ബലിയിടും, ചിലർ അനുസ്മരണ സമ്മേളനം നടത്തും, ചിലർ അന്നദാനമോ ചാരിറ്റി പ്രവർത്തനങ്ങളോ നടത്തും.
അവരവരുടെ വിശ്വാസവും ശീലങ്ങളുമൊക്കെയായിരിക്കും ഈ ഓരോ രീതികളിലേക്കും അവരെ നയിക്കുന്നത്. മറ്റുള്ളവരെ നേരിട്ട് ബുദ്ധിമുട്ടിക്കാത്തിടത്തോളം അതിലെ ശരിതെറ്റുകളും യുക്തിയുമൊക്കെ അത് ചെയ്യുന്നവർ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. പുറത്തുനിന്ന് ഒരാൾ ഇതിലൊക്കെ ഇടപെടുന്നതും വിധി പ്രഖ്യാപിക്കുന്നതും പരിഹസിക്കുന്നതും അൽപ്പത്തരവും ജനാധിപത്യ വിരുദ്ധവുമാണ്. ഡോ. അരുൺകുമാറിനേപ്പോലുള്ള മാധ്യമ പ്രവർത്തകർ കുറച്ചുകൂടി സാമാന്യ മര്യാദകൾ പുലർത്തുന്നത് നല്ലതാണ്''.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications