കമ്മിറ്റിയിലേക്കില്ല.. വേണമെങ്കില്‍ എംപിയാകാം, അന്തിമ തീരുമാനം കേന്ദ്രത്തിന്റേത്; സുരേഷ് ഗോപിയുടെ ലക്ഷ്യം?
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്കും കോര്‍ കമ്മിറ്റിയിലേക്കും വരാന്‍ സുരേഷ് ഗോപി തയ്യാറല്ല എന്ന് റിപ്പോര്‍ട്ട്. അതേസമയം രാജ്യസഭയിലേക്ക് ഒരിക്കല്‍ കൂടി നോമിനേറ്റ് ചെയ്താല്‍ അംഗീകരിക്കാം എന്നാണ് സുരേഷ് ഗോപിയുടെ നിലപാട് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതിനോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി കോര്‍ കമ്മിറ്റിയിലേക്ക് വരുന്നതില്‍ സന്തോഷം എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

എന്നാല്‍ രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാം എന്നും പാര്‍ട്ടി ഔദ്യോഗിക പദവിയിലേക്ക് എത്തേണ്ടതില്ല എന്നുമാണ് സുരേഷ് ഗോപിയുടെ തീരുമാനം എന്നുമാണ് റിപ്പോര്‍ട്ട്. കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.

ആറ് വര്‍ഷത്തെ രാജ്യസഭാ അംഗം എന്ന കാലാവധി പൂര്‍ത്തിയായ ശേഷം സിനിമയില്‍ സജീവമാകാനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് വിശിഷ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് ചില പദ്ധതികള്‍ തയ്യാറാക്കാനാണ് താല്‍പര്യം.

സംസ്ഥാനത്തെ ബി ജെ പി നേതാക്കളേക്കാള്‍ ജനങ്ങള്‍ക്ക് അടുപ്പമുള്ളയാള്‍ എന്നതാണ് സുരേഷ് ഗോപിയുടെ പോസിറ്റീവായി കേന്ദ്ര നേതൃത്വം കാണുന്നത്. കൂടാതെ സിനിമാ താരം എന്ന തരത്തിലുള്ള സെലിബ്രിറ്റി ഇമേജും ഉപയോഗിക്കാം എന്ന് ബി ജെ പി കണക്കുകൂട്ടുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിലാണ് തനിക്ക് താല്‍പര്യം എന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

കലാകാരന്‍ എന്ന നിലയില്‍ ഒരിക്കല്‍ കൂടി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ എം പിയുടെ സേവനം പരമാവധി ഉപയോഗിക്കാം എന്നാണ് സുരേഷ് ഗോപിയുടെ കണക്കുകൂട്ടല്‍. താന്‍ എം പിയായ കാലത്തെ സേവനങ്ങള്‍ വിലയിരുത്തിയ ശേഷം ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കും എന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം പതിമൂന്നംഗ കോര്‍ കമ്മിറ്റി വിപുലീകരിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിഭാഗീയത ശക്തമാകുന്നതിനിടക്ക് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നത് ഗുണപരമാകും എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് വലിയ വോട്ട് നേടാന്‍ സുരേഷ് ഗോപിക്കായിരുന്നു.












Click it and Unblock the Notifications