'പകരക്കാരനായി ഫ്ലോട്ടിൽ ഒതുങ്ങേണ്ട വ്യക്തിത്വമല്ല ഗുരുദേവന്റേത്';ബിജെപിക്കും സിപിഎമ്മിനുമെതിരെ സുധാകരൻ
തിരുവനന്തപുരം; റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയ സംഭവത്തിൽ സി പി എമ്മിനേയും ബി ജെ പിയേയും രൂക്ഷമായി വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശ്രീനാരായണ ഗുരു അപമാനിക്കപ്പെടാൻ സാഹചര്യമുണ്ടാക്കിയതിൽ സി പി എമ്മിനും ബിജെപിയ്ക്കും തുല്യ പങ്കുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിൽ പോലും ആദ്യം സമർപ്പിച്ച മാതൃകയിൽ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്.
നിർമാണത്തിലെ അപാകതകളുടെ പേരിൽ അതിനു അനുമതി നിഷേധിക്കപ്പെട്ടപ്പോൾ അതേ ദൃശ്യത്തിൽ മറ്റ് മാറ്റങ്ങൾ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉൾപ്പെടുത്തി വീണ്ടും അയക്കുകയും വീണ്ടും തിരസ്ക്കരിക്കപ്പെടുകയും ചെയ്തു. ദൃശ്യം ഒഴിവാക്കപ്പെട്ടതിൻ്റെ അപമാനം ശ്രീ നാരായണ ഗുരുവിന് കൂടി ലഭിക്കാൻ കാരണമായ സി പി എം നടപടിയും ഗുരുദേവൻ്റെയും ഗുരുദേവ ദർശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിന്റെ നടപടിയും അപലപനീയമാണ്, കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

സുധാകരന്റെ വാക്കുകളിലേക്ക്-കേരളം കണ്ട എക്കാലത്തെയും മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരുദേവൻ. അദ്ദേഹത്തെ ഏറ്റവും അപമാനകരമായ രീതിയിൽ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ നിശ്ചല ദൃശ്യങ്ങളായി അവതരിപ്പിച്ചത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ അനുയായികളുമാണ്. ഗുരുദേവൻ്റ കഴുത്തിൽ കത്തിവെച്ചും കുരുക്കിട്ടുമൊക്കെയുള്ള ദൃശ്യങ്ങൾ അവർ തെരുവിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ കേരളം മറന്നു പോകരുത്. ഇത്രയും കടുത്ത ഗുരുനിന്ദ വേറെവിടെ നിന്നും ഉണ്ടായിട്ടില്ല.
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുൾപ്പെടെയുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ പങ്ക് വെളിച്ചത്തിലേയ്‌ക്കെത്താതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ സിപിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ സൃഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന കള്ളം പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിൽ പോലും ആദ്യം സമർപ്പിച്ച മാതൃകയിൽ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്.
നിർമാണത്തിലെ അപാകതകളുടെ പേരിൽ അതിനു അനുമതി നിഷേധിക്കപ്പെട്ടപ്പോൾ അതേ ദൃശ്യത്തിൽ മറ്റ് മാറ്റങ്ങൾ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉൾപ്പെടുത്തി വീണ്ടും അയക്കുകയും വീണ്ടും തിരസ്ക്കരിക്കപ്പെടുകയും ചെയ്തു. ദൃശ്യം ഒഴിവാക്കപ്പെട്ടതിൻ്റെ അപമാനം ശ്രീ നാരായണ ഗുരുവിന് കൂടി ലഭിക്കാൻ കാരണമായ സി പി എം നടപടിയും ഗുരുദേവൻ്റെയും ഗുരുദേവ ദർശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിൻ്റെ നടപടിയും അപലപനീയമാണ്.
ഇങ്ങനെ പകരക്കാരനായി ഒരു ഫ്ലോട്ടിൽ ഒതുങ്ങേണ്ട വ്യക്തിത്വമല്ല ഗുരുദേവന്റേത്. ശ്രീനാരായണ ഗുരു അപമാനിക്കപ്പെടാൻ സാഹചര്യമുണ്ടാക്കിയതിൽ സി പി എമ്മിനും ബിജെപിയ്ക്കും തുല്യ പങ്കുണ്ട്. ഒപ്പം ഒഴിവാക്കപ്പെട്ട ശങ്കരാചാര്യരെ പറ്റി മൗനം പാലിച്ച് കൊണ്ട് ഗുരുദേവനെ മാത്രം ഒഴിവാക്കി എന്ന രീതിയിലുള്ള സി പി എമ്മിൻ്റെ പ്രചാരണത്തിന് ഗൂഢലക്ഷ്യങ്ങളുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കാനും നടപ്പിൽ വരുത്താനുമാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കേണ്ടത്. അതല്ല,പഴയ കാലങ്ങളിലേത് പോലെ ശ്രീനാരായണ ഗുരുദേവനെ അപമാനിക്കാനും അവഹേളിക്കാനുമുള്ള നീക്കങ്ങളാണ് 'മാർക്സിസ്റ്റ് മതക്കാരിൽ' നിന്നുണ്ടാകുന്നതെങ്കിൽ അതിനെ ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും. ഒരു സംശയവും വേണ്ട. ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവനെ കരുവാക്കിയുള്ള മുതലെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഎമ്മിനോടും ബി ജെ പിയോടും കെ പി സി സി ആവശ്യപ്പെടുന്നു.












Click it and Unblock the Notifications