• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലിംഗനീതിബോധവും ജനാധിപത്യ ബോധവുമുള്ള മുഴുവന്‍ മനുഷ്യരും ഒപ്പമുണ്ട്'; പിന്തുണച്ച് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയന്‍ നായരെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്റ്റിവിസ്റ്റുകളായ ദിയ സന എന്നിവരെ പിന്തുണച്ച് ആര്‍എംപി നേതാവ് കെകെ രമ.
പൊതുമണ്ഡലത്തിലും സ്വകാര്യ ജീവിതത്തിലും അധിക്ഷേപമേറ്റുവാങ്ങി നിസ്സഹായരായി നില്‍ക്കേണ്ടി വന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുയര്‍ന്ന ഒരു ജൈവസമരം തന്നെയായിരുന്നു സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നതെന്ന് കെകെ രമ പറഞ്ഞു. ഇതിന്റെ പേരില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും കെകെ രമ പറഞ്ഞു. കെകെ രമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

'സ്ത്രീകളെക്കുറിച്ചും ഫെമിനിസ്റ്റുകളെക്കുറിച്ചും അങ്ങേയറ്റം അധിക്ഷേപകരമായ വീഡിയോ ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബര്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദിവസം ചോദ്യം ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായി മാറുകയുണ്ടായി. പൊതുമണ്ഡലത്തിലും സ്വകാര്യ ജീവിതത്തിലും അധിക്ഷേപമേറ്റുവാങ്ങി നിസ്സഹായരായി നില്‍ക്കേണ്ടി വന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുയര്‍ന്ന ഒരു ജൈവസമരം തന്നെയായിരുന്നു ആ ഇടപെടല്‍.

പക്ഷെ മുന്‍ വനിതാകമ്മീഷന്‍ അധ്യക്ഷയടക്കമുള്ളവരെ
പൊതുമണ്ഡലത്തില്‍ ഇത്രയും അപമാനകരമാം വിധം അവഹേളിച്ച യുട്യൂബര്‍ക്കെതിരെ ഒരു ചെറുവിരലനക്കാത്ത പോലീസ് ഇന്ന് നേരം വെളുക്കുമ്പോഴേക്കും ഭാഗ്യലക്ഷ്മിക്കും മറ്റുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എത്ര ഭയാനകവും വിചിത്രവുമായ അവസ്ഥയാണിത് ?!വാളയാര്‍ കേസില്‍ പിഞ്ചു കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തവരുടെ മുന്നില്‍ ഇരുട്ടില്‍ തപ്പുന്ന, പാലത്തായിയില്‍ കുറ്റവാളിക്ക് പുറത്തിറങ്ങാന്‍ അവസരമൊരുക്കിയ നമ്മുടെ പോലീസിന് ആ യൂ ട്യൂബറുടെ കാര്യത്തില്‍ എന്തൊരു ജാഗ്രതയാണ് എന്ത് നീതിബോധമാണ് നമ്മുടെ ഭരണകൂടത്തെയും പോലീസിനെയും നയിക്കുന്നത് ?! പെണ്‍വേട്ടക്കാര്‍ക്ക് കുടപിടിക്കുകയും, സ്ത്രീയധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജനാധിപത്യത്തിനും നീതിവാഴ്ച്ചയ്ക്കും തീരാക്കളങ്കം തീര്‍ക്കുകയും ചെയ്യുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടുകയാണ് വേണ്ടത്.

സ്ത്രീനീതിയുടെ കാര്യത്തില്‍ സര്‍ക്കാരും പോലീസും വേട്ടക്കാര്‍ക്ക് മുന്നില്‍ വാലാട്ടിനില്‍ക്കുന്ന കാലത്ത് ആത്മാഭിമാനികളായ സ്ത്രീകള്‍ക്ക് ഇനിയും പ്രതികരിക്കേണ്ടിവരിക തന്നെ ചെയ്യും.
അളമുട്ടിയുയരുന്ന പെണ്‍പ്രതിരോധങ്ങളെ
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയും ആള്‍ക്കൂട്ട വിചാരണ നടത്തിയും നിശ്ശബ്ദമാക്കാമെന്ന് കരുതുന്നവര്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കില്ലെന്ന് വാശിയുള്ളവരാണ്.

സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ലിംഗനീതിയും വേട്ടക്കാരുടെ കാല്‍ക്കീഴില്‍ വെച്ചൊരു ഭരണകാലത്ത് തീര്‍ച്ചയായും
കേരളം മുഴുവന്‍ സ്ത്രീകള്‍ക്ക് ഇത്തരം സ്‌ക്വാഡുകള്‍ ഉണ്ടാക്കി തെരുവിലിറങ്ങേണ്ടി വരിക തന്നെ ചെയ്യും.

ലിംഗാധികാരധിക്കാരത്തിന്റെ കരണക്കുറ്റിയില്‍ പെണ്‍പോരാട്ടവീറിന്റെ ചൂടറിയിച്ച പോരാളികള്‍ക്ക്
സ്‌നേഹാഭിവാദ്യങ്ങള്‍. ലിംഗനീതിബോധവും ജനാധിപത്യ ബോധവുമുള്ള മുഴുവന്‍ മനുഷ്യരും നിങ്ങള്‍ക്കൊപ്പമുണ്ട്.'

English summary
RMP Leader kk rama support bhagya lakshmi on youtuber attack issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X