കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറിംഗിന് പിന്നാലെ റോഡ് പൈപ്പിടാന്‍ കുത്തിപ്പൊളിക്കില്ല; മന്ത്രി റോഷി അഗസ്റ്റിൻ

Google Oneindia Malayalam News

തിരുവനന്തപുരം; റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നീക്കം. ഇതിനായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജനുവരിയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍. ഇത് സംബന്ധിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ജനുവരിയില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍. പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടല്‍ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇരുവകുപ്പുകളും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.

 photo-2021-06-03-18-28-38-162

പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും പറയുന്നു.

റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍ കെ ഡബ്ല്യു എയും പി ഡബ്യു ഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അത്യാവശ്യമായി ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അനുവാദത്തിനും ഇതേ പോര്‍ട്ടലിലൂടെ തന്നെ വാട്ടര്‍ അതോറിറ്റി അപേക്ഷിച്ചാല്‍ മതിയാകും. അറ്റക്കുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോര്‍ച്ച അടയ്ക്കുന്നതിന് മുന്‍കൂറായി തുക കെട്ടിവയ്‌ക്കേണ്ട ആവശ്യവുമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം. അടിയന്തര ജോലികള്‍ക്കായി അനുമതി നല്‍കാന്‍ റോ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കും.

പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതല്‍ മുന്‍ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജല അതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിന് മുന്‍പുള്ള അതേ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജലഅതോറിറ്റിക്കാണ്. ചോര്‍ച്ചയ്ക്കും അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും പുനര്‍നിര്‍മിക്കേണ്ടത് ഇനി മുതല്‍ വാട്ടര്‍ അതോറിറ്റി തന്നെയാകും. അറ്റകുറ്റപ്പണികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് എഞ്ചിനിയര്‍മാര്‍ക്കാണ്. ഇരുവകുപ്പുകളിലെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തലത്തില്‍ സംയുക്ത പരിശോധന നടത്തുന്നതിനും നിര്‍ദേശമുണ്ട്.
ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡി എല്‍ പി) റോഡുകള്‍ കുഴിക്കും മുന്‍പ് പുനര്‍ നിര്‍മാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് കെഡബ്ല്യുഎ കെട്ടിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. പൈപ്പ് ഇടുന്നതിന് കുഴിക്കുന്ന റോഡുകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അനുമതി പത്രത്തില്‍ ഇതു കൃത്യമായി രേഖപ്പെടുത്തും. വൈകിയാല്‍ ഡെപ്പോസിറ്റ് തുകയില്‍ ആനുപാതികമായ തുക ഈടാക്കാനും നിര്‍ദേശമുണ്ട്. വാട്ടര്‍ അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോര്‍ഡും സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

റോഡുകള്‍ ടാറിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്നാണ് ഇരു വകുപ്പുകളുടേയും മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സമിതി രൂപീകരിച്ചതും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതും. ഇരുവകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പോസ്റ്റിൽ പറഞ്ഞു.

English summary
road will not be destroyed to pipe after tarring; Minister Roshi Augustine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X