ഗവര്‍ണറോട് ചൊടിച്ച് സര്‍ക്കാരും; ഭരണനേട്ടം വായിക്കുമ്പോഴും ഡെസ്‌കിലടിച്ചില്ല, നിയമസഭാ ചരിത്രത്തില്‍ ആദ്യം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ 'നിശബ്ദ പ്രതിഷേധവുമായി ഭരണപക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോഴും ഭരണകക്ഷി എം എല്‍ എമാര്‍ നിസംഗതയോടെയാണ് കേട്ടിരുന്നത്. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വായിക്കുമ്പോള്‍ ഡെസ്‌കിലടിച്ചാണ് ഭരണപക്ഷ എം എല്‍ എമാര്‍ പ്രതികരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ നിസംഗതയോടെ നയപ്രഖ്യാപന പ്രസംഗം കേട്ടിരിക്കുകയായിരുന്നു ഭരണപക്ഷ എം എല്‍ എമാര്‍ ചെയ്തത്.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവര്‍ണര്‍ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കുമ്പോഴും ഭരണപക്ഷം നിശബ്ദത പാലിച്ചു. നിയമസഭാ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഏറെ നേരം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരും അതൃപ്തി തുടരുന്നു എന്നതാണ് നിയമസഭയിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു.

നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധി വെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയിപ്പിച്ചത്. ഇതില്‍ സര്‍ക്കാര്‍ അതൃപ്തരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഭരണകക്ഷി എം എല്‍ എമാരുടെ പെരുമാറ്റം. അതേസമയം വിഷയം ആയുധമാക്കിയ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചാണ് പ്രതിഷേധിച്ചത്. ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഗോബാക്ക് വിളികളുമായാണ് പ്രതിപക്ഷം ഗവര്‍ണറെ എതിരേറ്റത്. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിപക്ഷാംഗങ്ങളെ ശകാരിക്കുകയും ചെയ്തു. ഇതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭ കവാടത്തിലിരുന്ന് പ്രതിഷേധിച്ചു.

സംഘപരിവാറിന്റെ ഏജന്റായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഗവര്‍ണര്‍ സംഘപരിവാറിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ആദ്യമായി ബി ജെ പിയുടെ സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് ഇതിലൂടെ വ്യക്തമായതെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയാണെന്ന് സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു.

ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തി ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിച്ചതും ശ്രദ്ധേയമായി. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കുറയുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം എല്ലാ മേഖലയിലും വളരെ മുന്നിലാണെന്ന് സുസ്ഥിര വികസന സൂചികകളിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി. കേരളത്തില്‍ സില്‍വര്‍ ലൈന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications