റഷ്യയുടെ ആശങ്ക സ്വാഭാവികം,അമേരിക്കയുടെ യുദ്ധവെറിയൻ നടപടി അവസാനിപ്പിക്കണം; എംവി ജയരാജൻ
കണ്ണൂർ; എന്തിന്റെ പേരിലായാലും വീണ്ടുമൊരു യുദ്ധം ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഉക്രൈൻ യുദ്ധം തുടങ്ങിയതോടെ ലോകമാകെ ഭീതിയിലാണ്. നാടിന് വേണ്ടത് യുദ്ധമല്ല, സമാധാനമാണ്. ഉക്രൈന് ആവശ്യമായ സൈനിക സഹായം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ നൽകിയതാണ് സംഘർഷത്തിന് തുടക്കമായത്. ഈ നടപടിയാകട്ടെ, സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടശേഷം അമേരിക്ക നൽകിയ ഉറപ്പിന് വിരുദ്ധമാണ്.സ്വന്തം രാജ്യത്തിലേക്കുള്ള കവാടമായ ഉക്രൈൻ സൈനികവൽക്കരിക്കുന്നതും യുദ്ധസന്നാഹങ്ങളൊരുക്കുന്നതും റഷ്യക്ക് നേരെയുള്ള ഭീഷണിയായി നാളെ മാറിയേക്കുമെന്ന ആശങ്ക സ്വാഭാവികമായും ഉണ്ടാകും. ചർച്ച അടിയന്തിരമായി ആരംഭിക്കുകയും അമേരിക്കയുടെ യുദ്ധവെറിയൻ നടപടി അവസാനിപ്പിക്കുകയുമാണ് വേണ്ടതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

എന്തിന്റെ പേരിലായാലും വീണ്ടുമൊരു യുദ്ധം ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്. ലോകമാകെ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കുന്നതാണ്. ഉക്രൈൻ യുദ്ധം തുടങ്ങിയതോടെ ലോകമാകെ ഭീതിയിലാണ്. നാടിന് വേണ്ടത് യുദ്ധമല്ല, സമാധാനമാണ്. ഉക്രൈന് ആവശ്യമായ സൈനിക സഹായം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ നൽകിയതാണ് സംഘർഷത്തിന് തുടക്കമായത്. ഈ നടപടിയാകട്ടെ, സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടശേഷം അമേരിക്ക നൽകിയ ഉറപ്പിന് വിരുദ്ധമാണ്. റഷ്യയെ വളയുന്ന രീതിപോലും സ്വീകരിച്ചു. ഉക്രൈന് നാറ്റോവിൽ അംഗത്വം നൽകരുതെന്ന് റഷ്യ പറയുന്നത് യൂറോപ്പിൽ നിന്നും റഷ്യയിലേക്കുള്ള കവാടമാണ് ഉക്രൈൻ എന്നതുകൊണ്ടാണ്.
മുമ്പ് ഈ രണ്ട് രാജ്യങ്ങളുമുൾപ്പെടെ എല്ലാം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991ലാണ് ഓരോ റിപ്പബ്ലിക്കുകളായി സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മാറിയത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം രാജ്യത്തിലേക്കുള്ള കവാടമായ ഉക്രൈൻ സൈനികവൽക്കരിക്കുന്നതും യുദ്ധസന്നാഹങ്ങളൊരുക്കുന്നതും റഷ്യക്ക് നേരെയുള്ള ഭീഷണിയായി നാളെ മാറിയേക്കുമെന്ന ആശങ്ക സ്വാഭാവികമായും ഉണ്ടാകും. ചർച്ച അടിയന്തിരമായി ആരംഭിക്കുകയും അമേരിക്കയുടെ യുദ്ധവെറിയൻ നടപടി അവസാനിപ്പിക്കുകയുമാണ് വേണ്ടത്. ഉക്രൈനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരണം. എൽഡിഎഫ് സർക്കാർ നോർക്കയുടെ നേതൃത്വത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നത് അവിടെ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്നുണ്ട്. ഉക്രൈനിൽ സമാധാനമുണ്ടാക്കാൻ ഐക്യരാഷ്ട്രസഭ മുൻകൈയ്യെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പോസ്റ്റിൽ ജയരാജൻ പറഞ്ഞു.
റഷ്യൻ അധിനിവേശത്തിൽ ദുരിതം പേറുകയാണ് യുക്രൈൻ ജനത. സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് റഷ്യൻ ആക്രമണത്തിൽ മരിച്ചത്. നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് റഷ്യൻ ഭരണകുടം.












Click it and Unblock the Notifications