എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു; വിടവാങ്ങുന്നത് മാഗസിന്‍ ജേര്‍ണലിസത്തിന് പുതുവഴി വെട്ടിയയാള്‍
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. നിരൂപകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ജയചന്ദ്രന്‍നായര്‍. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് 1939 ലാണ് ജനിക്കുന്നത്. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി.
ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. പിന്നീട് മലയാളരാജ്യം, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായി. 1997 ല്‍ ആണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയത്. അന്ന് മുതല്‍ 2013 വരെ സമകാലിക മലയാളത്തില്‍ പത്രാധിപരായിരുന്നു. മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍.

2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിര്‍മ്മാണവും നിര്‍വഹിച്ചതും ജയചന്ദ്രന്‍ നായരായിരുന്നു. ആത്മകഥയ്ക്ക് പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാത്രി ബെംഗളൂരുവില്‍ നടക്കും. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.












Click it and Unblock the Notifications