വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; അയ്യനെ കാണാൻ ഭക്തജന തിരക്ക്, ഇന്ന് ബുക്ക് ചെയ്‌തത് 70,000 പേർ
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് വരവറിയിച്ചുകൊണ്ട് വൃശ്ചികം ഒന്നായ ഇന്ന് അതിരാവിലെ ശബരിമലയിൽ നട തുറന്നു. പുലർച്ചെ മൂന്ന് മണിക്കാണ് പുതുതായി ചുമതലയേറ്റ മേൽശാന്തി അരുൺ നമ്പൂതിരിയാണ് ശബരിമല നട തുറന്നത്. ഇന്നലെ കണ്‌ഠര് രാജീവരുടെ നേതൃത്വത്തിലാണ് മേൽശാന്തിയായി അദ്ദേഹം ചുമതലയേറ്റത്.
ഇന്ന് മുതൽ ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം ഉണ്ടാവും. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. വൈകുന്നേരം 6.30നാണ് ദീപാരാധന നടക്കുക. രാത്രി 9.30ന് അത്താഴപൂജയും ഉണ്ടാവും. ഇന്ന് മുതൽ ഡിസംബർ 26 വരെ ഈ പതിവ് തുടരും. ഡിസംബർ 26 നാണ് ഇത്തവണത്തെ മണ്ഡലവിളക്ക്. അന്ന് രാത്രി പതിനൊന്ന് മണിക്കാണ് മണ്ഡലകാലത്തിന് പരിസമാപ്‌തിയിട്ട് കൊണ്ട് നട അടയ്ക്കുക.

ഇനിയങ്ങോട്ടുള്ള 41 ദിവസം അയ്യനെ കാണാൻ ഭക്തജന തിരക്കായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടയടക്കും. പിന്നീട് വീണ്ടും മൂന്ന് മണിക്ക് തുറക്കും. ശേഷം ഹരിവരാസനം പാടി രാത്രി പതിനൊന്ന് മണിയ്ക്ക് അടയ്ക്കും. സാധാരണയായി ദർശന സമയം 16 മണിക്കൂറായിരുന്നു. ഇക്കുറി അത് 18 മണിക്കൂറായി ഉയർത്തിയത് ഭക്തർക്ക് കൂടുതൽ ഗുണമാവും.
ഇന്ന് വെർച്വൽ ക്യൂവിലൂടെ മാത്രം ഏകദേശം 70,000 ഭക്തരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമേ ഓൺലൈൻ ബുക്കിംഗ് ചെയ്യാത്ത ആളുകൾക്ക് ദർശനം സുഗമമാക്കാൻ സ്പോട്ട് ബുക്കിംഗ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ദിനംപ്രതി 10,000 പേർക്കാണ് സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിനുള്ള അവസരം ഉണ്ടാവുക.
നിലവിലെ തിരക്കേറിയ സാഹചര്യം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും അവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ ശബരിമല സന്നിധാനത്ത് തന്നെ ക്യാമ്പ് ചെയ്‌തിട്ടുണ്ട്. ഇന്ന് രാവിലെ 8.30ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടക്കും.
പരമാവധി പേർക്ക് ദർശനം നടത്താൻ ലക്ഷ്യമിട്ടാണ് ഇക്കുറി ദർശന സമയം നേരത്തെ തന്നെ പുനഃക്രമീകരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി തീർത്ഥാടകരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
അതിനിടെ ശബരിമല തീർത്ഥാടനകാലം പ്രമാണിച്ച് 9 സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കിയിരുന്നു. ചെന്നൈ-കൊല്ലം റൂട്ടിൽ 4 സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 19 മുതൽ ജനുവരി 19 വരെ രണ്ട് മാസമാണ് സർവീസുകൾ നിലവിലുണ്ടാവുക. കൂടാതെ കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ മണ്ഡലകാലത്ത് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications