ശബരിമലയില്‍ ആചാരലംഘനം; സ്ഥിതി അതീവ ഗുരുതരം, ദേശവിരുദ്ധര്‍ മുതലെടുക്കുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ചിത്തിര ആട്ട വിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. പതിനെട്ടാം പടിയില്‍ ചിലര്‍ കയറിയതില്‍ ആചാരലംഘനം നടന്നു. നിലവിലെ സാഹചര്യം ദേശവിരുദ്ധ ശക്തികളും ക്രമിനലുകളും മുതലാക്കിയേക്കാമെന്നും ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തുലാമാസ പൂജയ്ക്കും ശേഷം ചിത്തിര ആട്ട പൂജയ്ക്കും നട തുറന്ന വേളയില്‍ ശബരിമലയില്‍ പ്രതിഷേധങ്ങളും കോലാഹലങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകും. തിരക്കില്‍പ്പെട്ട് തീര്‍ഥാടകര്‍ക്ക് ജീവപായംവരെ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞത് തെറ്റാണ്. പതിനെട്ടാം പടിയില്‍ ഇരുമുടിയില്ലാതെ ചിലര്‍ കയറിയത് ആചാരലംഘനമാണ്. വിശ്വാസത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ഈ സാഹചര്യം ക്രിമിനലുകള്‍ മുതലെടുത്തേക്കാം. സമരത്തില്‍ നിയന്ത്രണം വരുത്താന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ഹൈക്കോടതിയില്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ തുലാമാസ പൂജയ്ക്കിടെ സംഘര്‍ഷ സാഹചര്യമുണ്ടായപ്പോഴും സമാനമായ റിപ്പോര്‍ട്ട് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഇത്തവണ ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ബിജെപി നടത്തുന്ന രഥയാത്ര ഈ മാസം 16ന് ശബരിമലയിലെത്തും. സമരത്തിന് നേതൃത്വം നല്‍കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം.












Click it and Unblock the Notifications