ശബരിമല വിധി അയ്യപ്പ ഭക്തരുടെ വിജയം, സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരെ സമർപ്പിച്ച പുന: പരിശോധനാ ഹർജികളിൽ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കോടതി വിധി ആശ്വാസം നൽകുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണിതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. യുവതി പ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിനുള്ള തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി വന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് പുന: പരിശോധനാ ഹർജികളിൽ സുപ്രീം കോടതി നിർണായക നടപടിയിലേക്ക് നീങ്ങുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് പേരാണ് പുന: പരിശോധന ഹർജികൾ ഏഴംഗ ബെഞ്ചിന്റെ ഉത്തരങ്ങൾ ലഭിക്കുന്നത് വരെ മാററിവയ്ക്കാമെന്ന് നിലപാടെടുത്തത്. അതേസമയം വിശാല ബെഞ്ച് പരിഗണിക്കും വരെ നിലവിലെ വിധിക്ക് സ്റ്റേ ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ആർ എഫ് നരിമാനുമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചത്. ഒരു വിധി വന്ന് കഴിഞ്ഞാൽ അത് എല്ലാവർക്കും ബാധകമാണ്. വിധിക്കെതിരെ കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ഭരണഘടന വിരുദ്ധമെന്ന് ന്യൂനപക്ഷ വിധിയിൽ ജസ്റ്റിസ് നരിമാൻ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല സ്വാഗതം ചെയ്ത് ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അന്തിമ വിധി വരുന്നതിന് മുമ്പ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നോക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ശബരിമലയിൽ വേഷംകെട്ടുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും വന്നാൽ ബിജെപി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ശോഭാ സുരേന്ദ്രനും പ്രതികരിച്ചു.












Click it and Unblock the Notifications