സജിതയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം; പ്രചാരണം തെറ്റെന്ന് റഹ്മാന്‍
പാലക്കാട്: അയിരൂരിലെ വ്യത്യസ്തമായ പ്രണയ ജീവിതത്തില്‍ വര്‍ഗീയത കലര്‍ത്തിയുള്ള പ്രചാരണവുമായി സംഘപരിവാര്‍ നേതാക്കള്‍. ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനാകില്ലെന്നാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചത്. മതം മാറ്റ ആരോപണവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി റഹ്മാന്‍ രംഗത്തുവന്നു. സജിതയെ താന്‍ മതം മാറ്റിയെന്ന ആരോപണം തെറ്റാണെന്ന് റഹ്മാന്‍ പറഞ്ഞു. അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. മതം മാറണമെന്ന് എനിക്ക് നിര്‍ബന്ധമില്ലെന്നും റഹ്മാന്‍ പറഞ്ഞു.

അയിരൂരിലെ റഹ്മാന്റെ വീട്ടിലെ മുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചുജീവിച്ചത്. വ്യത്യസ്ത മതക്കാരായതു കൊണ്ട് വീട്ടുകാരെ ഭയന്നായിരുന്നു ഒളിവ് ജീവിതം. മൂന്ന് മാസം മുമ്പ് ഇരുവരും മാറിത്താമസിച്ചു. റഹ്മാനെ അടുത്തിടെ സഹോദരന്‍ യാദൃശ്ചികമായി കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പോലീസ് വീട്ടിലെത്തി ഇവര്‍ പറഞ്ഞ കാര്യങ്ങളിലെ സംശയങ്ങള്‍ തീര്‍ത്തു. ഒടുവില്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പോലീസ് തന്നെ ചെയ്യുകയായിരുന്നു. അതിനിടെയാണ് വര്‍ഗീയത കലര്‍ത്തിയുള്ള പ്രചാരണമുണ്ടായത്.
ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വന്‍ ക്രിമിനല്‍ പ്രവര്‍ത്തനം. അല്ലാതെ മൊയ്തീന്‍-കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാള്‍ പറയുന്ന കഥ വിശ്വസിച്ചാല്‍ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്‌ഹോം സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം- ഇതായിരുന്നു സന്ദീപിന്റെ കുറിപ്പ്.
അതേസമയം, സജിതയെ കാണാന്‍ ഇന്ന് അച്ഛനും അമ്മയും എത്തി. വളരെ സന്തോഷത്തോടെയാണ് ഇരുവരും മടങ്ങിയത്. പെണ്‍കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications