ശമ്പളം വര്‍ധിക്കാന്‍ പോകുന്നു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാപ്പി ന്യൂസ്, 12ാം കമ്മീഷനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ പോകുന്നു. 12ാം ശമ്പള കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് ആണ് കമ്മീഷന്‍ ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത എന്നിവരാണ് അംഗങ്ങള്‍. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പുതിയ ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കും എന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ ഡിഎ രണ്ട് തവണ വര്‍ധിപ്പിച്ചു. ഇപ്പോള്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഇനി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കുക എന്നതാണ് അടുത്ത നടപടി. ഉടനെ അതുണ്ടാകും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്. ഡിഎ കുടിശ്ശിക തീര്‍ക്കണം എന്ന് ഏറെ കാലമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ജീവനക്കാരുടെ സംഘടനകള്‍ പലതവണ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ചാണ് ഒരു മാസത്തിനിടെ രണ്ട് തവണയായി 13 ശതമാനം ഡിഎ കുടിശ്ശിക പ്രഖ്യാപിച്ചത്.
35 ശതമാനം ഡിഎ ആണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 22 ശതമാനമാണ് നല്‍കി വന്നിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ഫെബ്രുവരി ആദ്യത്തില്‍ മൂന്ന് ശതമാനം കുടിശ്ശിക പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞാഴ്ച 10 ശതമാനം കുടിശ്ശികയും അനുവദിച്ചു. ആദ്യം പ്രഖ്യാപിച്ച മൂന്ന് ശതമാനം കുടിശ്ശിക മാര്‍ച്ചില്‍ കൈയ്യിലെത്തുന്ന ശമ്പളത്തിലും 10 ശതമാനം കുടിശ്ശിക ഏപ്രിലില്‍ കൈയ്യിലെത്തുന്ന ശമ്പളത്തിലുമാണ് ലഭിക്കുക.
ശമ്പള വര്‍ധന എപ്പോള്‍ പ്രാബല്യത്തില്‍ വരും?
ഈ വിവരങ്ങള്‍ വന്ന പിന്നാലെയാണ് പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്മീഷന്‍ അംഗങ്ങളെ നിയോഗിക്കുകയും ചെയ്തു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിക്കും. മന്ത്രിസഭ അംഗീകരിച്ചാല്‍ റിപ്പോര്‍ട്ട് നടപ്പാക്കും. സമയബന്ധിതമായി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വില നിലവാര സൂചിക, സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ശമ്പള നിരക്ക് എന്നിവയെല്ലാം ഒത്തുനോക്കിയാകും കമ്മീഷന്‍ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുന്നതിന് വീണ്ടും സമയമെടുക്കും. തിരഞ്ഞെടുപ്പ് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാന്‍ പോകുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പ്രതീക്ഷയിലാണ്. എട്ടാം ശമ്പള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 18 മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നടപ്പാക്കും. 2028 ജനുവരി മുതല്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് കേന്ദ്ര ജീവനക്കാര്‍ കരുതുന്നത്. മുന്‍കാല പ്രാബല്യം ലഭിച്ചാല്‍ വലിയ തുക ജീവനക്കാരുടെ പോക്കറ്റിലെത്തും.












Click it and Unblock the Notifications