സലീം രാജ്: മുഖ്യന് പിന്നേയും സിബിഐയുടെ പണി
കൊച്ചി: സലീം രാജ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും സിബിഐയുടെ വക പണി. കേസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന ഹര്‍ജി സിബിഐ പിന്‍വലിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.
സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സിബിഐ പരാതി പിന്‍വലിച്ചതായി മുഖ്യമന്ത്രി സഭയെ ബോധിപ്പിച്ചിരുന്നു.

സിബിഐ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുമ്പോള്‍ കോടതി ഹര്‍ജി പരിഗണിച്ചിട്ടുണ്ടായിരുന്നില്ല. കോടതി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം, തിരുത്തല്‍ വരുത്താനായി സിബിഐ ഹര്‍ജി തിരികെ വാങ്ങിയിരുന്നു. ഇതിനെ പിന്നീട് ഹര്‍ജി പിന്‍വലിച്ചു എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
സിബിഐ അഭിഭാഷകന്‍ തിരുത്തലിനായി ഹര്‍ജി തിരികെ വാങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പരാതി പിന്‍വലിച്ചു എന്ന രീതിയില്‍ പറഞ്ഞത് ചട്ട ലംഘനമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പരാതി പിന്‍വലിച്ചിട്ടില്ലെന്ന സിബിഐയുടെ വിശദീകരണം വന്നതോടെ മുഖ്യമന്ത്രിയുടെ അവകാശവാദമാണ് പൊളിഞ്ഞത്.












Click it and Unblock the Notifications