തട്ടംപരാമര്‍ശത്തിനെതിരെ സമസ്ത; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍
മലപ്പുറം: സിപിഎം നേതാവ് കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തിനെതിരെ സമസ്ത. തട്ടം മാറ്റല്‍ പുരോഗതി അല്ല അധോഗതിയാണെന്നായിരുന്നു സമസ്ത നേതാവ് അബ്ദുസമദ് പൂക്കോറിന്റെ പരാമര്‍ശം. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനത്തിന്റെ ഫലമായിട്ടാണെന്ന് നേരത്തെ അനില്‍കുമാര്‍ പറഞ്ഞു. ഇത് വലിയ വിവാദമായിരിക്കുകയാണ്.
സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നത്. ന്യൂനപക്ഷങ്ങളോട് സിപിഎം അടുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. മതനിഷേധമാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മുസ്ലീം സ്ത്രീകള്‍ പട്ടണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണെ്‌നും അനില്‍ തിരുവനന്തപുരത്ത് യുക്തിവാദം സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം അനില്‍ കുമാറിന്റെ പരാമര്‍ശത്തെ തള്ളി കെടി ജലീല്‍ രംഗത്ത് വന്നിരുന്നു. തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്നാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ജലീല്‍ പറയുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ അനില്‍ കുമാര്‍ പ്രതികരണവുമായി രംഗത്തെത്തി. എഴുത്തുകാരന്‍ എമ്മാര്‍ കിനാലൂരിന്റെ കുറിപ്പ് പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ എന്നാണ് അനില്‍ കുമാര്‍ കുറിച്ചത്.സമസ്തയെ കൂടാതെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും അനില്‍ കുമാറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു. പ്രസംഗം പിന്‍വലിച്ച് അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. അനില്‍ കുമാറിന്റേത് തികഞ്ഞ മുസ്ലീം വിരുദ്ധ പരാമര്‍ശമാണെന്ന് കെഎന്‍എം വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
പുരോഗമനത്തെ കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെ കുറിച്ചും മലപ്പുറത്തെ കുറിച്ചും, സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ മുജീബ് റഹ്‌മാന്‍ പറഞ്ഞു. മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിന്റെ തെളിവാണ് അനില്‍ കുമാറിന്റെ പ്രസ്താവനാനയെന്ന് ഐഎസ്എമ്മും പ്രതികരിച്ചു.
അതേസമയം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ഐഷ ജമാല്‍ അനില്‍ കുമാറിന്റെ പരാമര്‍ശത്തെ പിന്തുണച്ചിരിക്കുകയാണ്. തട്ടം തലയില്‍ ഇടാന്‍ വന്നാല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.. തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ്. ആ സ്വാതന്ത്ര്യം ലഭിക്കാന്‍ കേരളത്തില്‍ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണ്.
വിദ്യാഭ്യാസമാണ് സ്ത്രീക്കുള്ള ഭരണഘടന അവകാശത്തേപറ്റി അവരെ ബോധവതികള്‍ ആക്കിയത്..തട്ടം ഇടാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതോടൊപ്പം ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് എന്നാണ് മുസ്ലിം ലീഗ് ജമാഅത് വാദികള്‍ തിരിച്ചറിയുകയെന്നും ഐഷ ജമാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications