ഫോണ്‍ കെണി: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു...കോടതിയില്‍ പ്രതികള്‍ക്കു നേരെ കൈയേറ്റം!! ചെയ്തത്....
മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടുകൊടുത്തത്
തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍ കെണി വിവാദത്തില്‍ കുടുക്കിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്ത് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ എന്നിവരെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ടു കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ചാനല്‍ ജീവനക്കാരല്ലാത്തവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അശ്ലീലച്ചുവയുള്ള സംഭാഷണം സംപ്രേക്ഷണം ചെയ്യാന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ്, ലാപ്‌ടോപ്പ് എന്നിവ ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.

അതിനിടെ പ്രതികള്‍ക്കു നേരെ കോടതിയില്‍ വച്ചു അഭിഭാഷകരുടെ കൈയേറ്റശ്രമമുണ്ടായി. അജിത്ത് കുമാറിനും ജയചന്ദ്രനും നേരെയാണ് അഭിഭാഷകരുടെ രോഷപ്രകടനം കണ്ടത്. നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലെടാ എന്നു ആക്രോശിച്ച് അഭിഭാഷകര്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. കോടതിയില്‍ ഇരുവരെയും ഹാജരാക്കിയപ്പോള്‍ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ടുമായി വരാന്‍ കോടതി നിര്‍ദേശിച്ചു. വൈദ്യപരിശോധനയ്ക്കായി പ്രതികളെ കോടതിയില്‍ നിന്നു പുറത്തേക്കു കൊണ്ടുവരവെയാണ് അഭിഭാഷകര്‍ ആക്രമണമഴിച്ചുവിട്ടത്.












Click it and Unblock the Notifications