സര്‍ക്കാര്‍ പോര; പോലീസിലെ ഉന്നതര്‍ നാട് വിടുന്നു
തിരുവനന്തപുരം: സ്ഥലം മാറ്റമടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടറടക്കമുള്ള പോലീസ് മേധാവികള്‍ കേരളം വിടാന്‍ ശ്രമം തുടങ്ങിയതായി ജന്മഭൂമിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പോലീസ് വകുപ്പിനെ ബാധിക്കുന്നതും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അതൃപ്തിക്ക് കാരണമായതായി അറിയുന്നു.
വിജിലന്‍സ് ഡയറക്ടര്‍ മഹേഷ് കുമാര്‍ സിംഗ്ല, ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം എന്നിവരാണ് സ്വമേധയാ ഡെപ്യൂട്ടേഷനില്‍ പോകുന്നത്. ബാലസുബ്രഹ്മണ്യത്തിന് 2015 മെയ് വരെയും സിംഗ്ലയ്ക്ക് 2017 വരെയും സര്‍വ്വീസ് ബാക്കിയുണ്ട്. സിംഗ്ല ബി എസ് എഫിലേക്കും, ബാലസുബ്രഹ്മണ്യം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്കുമാകും അടുത്തതായി നിയമിക്കപ്പെടുക.

മാറിവരുന്ന മന്ത്രിമാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം കേസുകളില്‍ നീക്കുപോക്കുണ്ടാകുമ്പോള്‍ പഴി കേള്‍ക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. അടി കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്നതാണ് പോലീസിലെ സ്ഥിതിയെന്ന് പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും അഭിപ്രായമുണ്ടത്രെ. അടുത്തിടെ ടി പി വധം, സോളാര്‍ കേസ് തുടങ്ങിയ പ്രമാദമായ പല കേസുകളുടെയും വാദത്തിനിടെ കേരള ഹൈക്കോടതി പോലും പോലീസിന്റെ അനാസ്ഥയെ കളിയാക്കിയിരുന്നു.
ഇതിനെല്ലാം പുറമെയാണ് ചട്ടം ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റങ്ങള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറി ആഭ്യന്തരം രമേശ് ചെന്നിത്തലയുടെ കൈകളിലെത്തിയതോടെ ഇരുപതോളം പോലീസ് ഉന്നതരെ നടപടിക്രമങ്ങള്‍ പാലിക്കാതെ സ്ഥലം മാറ്റിയത്. ഈ സാഹചര്യത്തിലാണ് ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലെന്നും പോലീസിലെ പലര്‍ക്കും പരാതിയുണ്ട്.












Click it and Unblock the Notifications