കേരള ഘടകത്തിന് തിരിച്ചടി: കോണ്‍ഗ്രസ് സഹകരണം തുടരാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം
ദില്ലി: ബി ജെ പിക്കെതിരായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കണമെന്ന അടവുനയത്തില്‍ പുനഃപരിശോധന വേണ്ടെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയുടെ ( സിസി) തീരുമാനം. ഇതോടെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര-ജനാധിപത്യ മതേതര പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ചുള്ള പ്രതിപക്ഷചേരി വികസിപ്പിക്കണമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് നയം സി പി എം പുനഃപരിശോധിക്കില്ല.
കോണ്‍ഗ്രസ് ബന്ധം സഹകരണം തുടരുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസിന് ബി ജെ പിയുടെ വര്‍ഗീയതയ്ക്ക് എതിരായി നിലപാട് സ്വീകരിക്കുന്നതില്‍ ആത്മാര്‍ത്ഥതിയില്ലെന്നും ഭരണമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് തകരുന്നുവെന്നുമായിരുന്നു സി പി എം കേരള ഘടകം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും കേരളത്തില്‍ നിന്നുള്ള സി പി എം നേതാക്കള്‍ തുടര്‍ന്നു. അധികാരം മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. ബി ജെ പിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. ബിജെപിയിൽ നിന്ന് വ്യത്യസ്തമല്ലാത്ത സാമ്പത്തിക നയങ്ങൾ തന്നെയാണ് കോൺഗ്രസും പിന്തുടരുന്നതെന്നത്. അതിനാല്‍ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ അടവു നയം മാറ്റണമെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തിന് പുറമെ ആന്ധ്രാ പ്രദേശ്, തെലങ്കാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രതിപക്ഷ ചേരിയില്‍ കോണ്‍ഗ്രസിനെ കക്ഷിയാക്കുന്നതിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. അതേസമയം ബിജെപിക്കെതിരായി പോരാടേണ്ട സമയത്ത് കോൺഗ്രസിനെച്ചൊല്ലിയുള്ള തർക്കങ്ങളിലേക്ക് ചർച്ച വഴിതിരിക്കുന്നതിൽ മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവർ അതൃപ്തി പ്രകടിപ്പിച്ചു.

ഇതോടെ കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കെതിരായി കേരളമടക്കമുള്ള സംസ്ഥാനഘടകങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യത്തിന് സി പി എം കേന്ദ്രകമ്മിറ്റിയില്‍ മേല്‍ക്കൈ ലഭിച്ചില്ല. കേവലം പാർലമെൻററി സഖ്യങ്ങളിൽമാത്രം ശ്രദ്ധയൂന്നാതെ വർഗഐക്യം ശക്തിപ്പെടുത്തിയുള്ള ബഹുജനമുന്നേറ്റമാണ് മുഖ്യമെന്നും ചർച്ചയിൽ അഭിപ്രായമുയര്‍ന്നു. ഇതോടെ വര്‍ഗ ഐക്യത്തിലൂന്നിയുള്ള കൂടുതല്‍ വിശാല സഖ്യത്തിന്റെ സാധ്യതകള്‍ തേടണമെന്ന പൊതുവികാരത്തില്‍ മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം അവസാനിക്കുകയും ചെയ്തു.

കണ്ണൂരില്‍ നടക്കാനിരിക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കാനുള്ള ചര്‍ച്ചയായിരുന്നു കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടന്നത്. ചര്‍ച്ചയെ തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖ തയ്യാറാക്കാന്‍ കേന്ദ്ര കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. നവംബറില്‍ ചേരുന്നു പിബിയായിരിക്കും കരട് പ്രമേയം തയ്യാറാക്കുക. പിബി തയ്യാറാക്കുന്ന കരട് പ്രമേയം ചര്‍ച്ച ചെയ്യാന്‍ സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഒരിക്കല്‍ കൂടി ചേരും. കേന്ദ്ര കമ്മിറ്റി യോഗം പാസാക്കിയ ശേഷം കരട് പ്രമേയം കീഴ്ഘടകങ്ങളിലേക്ക് ചര്‍ച്ചയ്ക്കായി നല്‍കുന്നതാണ് സി പി എം സംഘടനാ രീതി.

അതേസമയം, കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളെക്കുറിച്ച് ചിലര്‍ വ്യാജപ്രചാരണം നടത്തുന്നതായി സിപിഎം വിശദീകരിച്ചു. പൊളിറ്റ്‌ബ്യൂറോ യോഗം തയ്യാറാക്കിയ റിപ്പോർട്ടിനു വിരുദ്ധമായി കേന്ദ്രകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുവെന്നൊക്കെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications