എന്നെ സെക്ഷ്വലി ഹരാസ് ചെയ്ത ആള്‍ കൂളായി നടക്കുകയാണ്; പറ്റുന്നില്ല; പെണ്‍കുട്ടിയുടെ ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം: പരിശീലകന്റെയും സഹപാഠികളുടെയും അവഹേളനത്തിന് പിന്നാലെ പൈലറ്റ് ട്രെയിനി നാടുവിട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. നാടുവിടുന്നതിന് മുമ്പ് പൈലറ്റ് ട്രെയിനിയായ പെണ്‍കുട്ടി ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും അയച്ച ശബ്ദസന്ദേശമാണ് ഇപ്പോല്‍ പുറത്തുവന്നത്. ലൈംഗികാതിക്രമത്തിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ അധിക്ഷേപം ഉണ്ടായത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് പെണ്‍കുട്ടി് പരിശീലനം നടത്തിയിരുന്നത്.
പഠിക്കാനാണ് താന്‍ ക്ലാസില്‍ വരുന്നതെന്നും എന്നാല്‍ അവഹേളനവും അതിനും അപ്പുറത്തെ കാര്യങ്ങളുമാണ് ക്ലാസില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്നുമാണ് പെണ്‍കുട്ടി സന്ദേശത്തില്‍ പറയുന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരിശീലകന്‍ സ്ഥാപനത്തില്‍ ഒരു കൂസലുമില്ലാതെ നടക്കുകയാണെന്നും ശബ്ദസന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നത്. കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പറയുന്നത്.

നാടുവിടുന്നതിന് മുമ്പ് പെണ്‍കുട്ടി അയച്ച ശബ്ദസന്ദേശം ഇങ്ങനെ:-
''ഞാന്‍ കഴിയുന്നതും ഇതില്‍നിന്ന് ഒഴിഞ്ഞുമാറി, പഠിച്ച് പോകാനാണ് ശ്രമിച്ചിരുന്നത്. പക്ഷേ, എന്നെ ഒരുവിധത്തിലും ഇവര്‍ പഠിക്കാന്‍ വിടുന്നില്ല. മാസങ്ങളായി ഞാന്‍ അനുഭവിക്കുന്നതിന് ഒരു കണക്കില്ല. എനിക്ക് പറ്റുന്നില്ല. എന്റെ പഠിത്തം ഇവര്‍ നശിപ്പിച്ചുക്കുകയാണ്. അത് ഒരുകാര്യം. രണ്ടാമത്, ഞാന്‍ ഇവിടെ പഠിക്കാന്‍ വേണ്ടിയാണ് ക്ലാസില്‍ വരുന്നത്. ഞാന്‍ ഇവിടെനിന്ന് അനുഭവിക്കുന്നത് ഇന്‍സള്‍ട്ടും അതിന്റെ അപ്പുറവുമാണ്.
എന്നെ സെക്ഷ്വലി ഹരാസ് ചെയ്ത ആള് ഇവിടെ കൂളായിട്ട് നടക്കുന്നുണ്ട്. ആരും ഒന്നും ചെയ്തില്ല. അയാള്‍ക്ക് വേണ്ടി എന്റെ പൈലറ്റ് ലൈസന്‍സും എഫ്.ആര്‍.ടി.ഒ.എല്‍ ലൈസന്‍സും മെഡിക്കല്‍ അസസ്മെന്റും എന്റെ മാലയും എല്ലാം എടുത്തുകൊണ്ടുപോയി. ഇത്രയും വിലപ്പെട്ട സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി കളഞ്ഞ, അത് എല്ലാവരുടെയും അടുത്ത് കുറ്റസമ്മതം നടത്തിയ പെണ്‍കുട്ടി ഒരു കുഴപ്പവുമില്ലാതെ ഇവിടെ നടക്കുന്നു. അവരെല്ലാം കൂടി എന്നെ ക്ലാസിലിട്ട് കളിയാക്കുകയാണ്. ഇന്‍സള്‍ട്ട് ചെയ്യുകയാണ്. പോലീസിന്റെ മുന്നിലും അക്കാദമി മാനേജ്മെന്റിന്റെ മുന്നിലും അയാള്‍ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് കുട്ടി കണ്‍ഫെസ് ചെയ്തു. എന്നിട്ടും ആരും ഒരു ആക്ഷനും എടുക്കുന്നില്ല. ഇപ്പോള്‍ എന്നെ കളിയാക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ് എല്ലാവരും. പറ്റുന്നില്ല''.
പെണ്‍കുട്ടി പറയുന്നു.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ ചീഫ് ഫ്ളൈയിങ് ഇന്‍സ്ട്രക്റായ രാജേന്ദ്രന് എതിരെ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിശീലന പറക്കലിനിടെ ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അപമാനിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍നിന്ന് അവഹേളനം നേരിടുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ ശനിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
അധിക്ഷേപം സഹിക്കാതെ നാടുവിട്ട പെണ്‍കുട്ടിയെ 20 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.












Click it and Unblock the Notifications